ജക്കാർത്ത : കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്‌ളോറസിലെ ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്.
ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.27നും 2.48നും ഇടയിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പലയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് ലാവ വന്നു പതിച്ചതായി റിപ്പോർട്ടുകളുണ്ട്. പെട്ടന്നുണ്ടായ പൊട്ടിത്തെറി ആയതിനാൽ മേഖലയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
നിരവധി വീടുകളും കടകളും ഓഫീസുകളും തീവീണ് കത്തിനശിച്ചു. ഗ്രാമത്തിലെ 10,925 പേരെ അഗ്നിപർവ്വത സ്‌ഫോടനം സാരമായി ബാധിച്ചതായി ദുരന്തനിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. കൂടാതെ ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങൾ അധികൃതരും ആരംഭിച്ചിരുന്നു.
അതേ സമയം വരും ദിവസങ്ങളിലും ലാവ പുറത്തേക്ക് വരുന്നത് തുടരുമെന്നാണ് അധികൃതർ പറയുന്നത്. ചാരം മഴ പോലെ പെയ്യുന്നതിനാൽ ആളുകൾ മാസ്‌ക് ധരിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടായിരുന്നു. ഇതിന് മുൻപ് ജനുവരിയിലും വലിയ പൊട്ടിത്തെറി ഉണ്ടായിരുന്നു. അന്ന് 2000ത്തോളം പ്രദേശവാസികളെയാണ് ഇവിടെ നിന്ന് മാറ്റി താമസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: