ഇസ്ലാമാബാദ് : ഒക്ടോബറിൽ പാകിസ്ഥാനിൽ നടന്ന വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ 198 പേർ കൊല്ലപ്പെടുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 89 തീവ്രവാദികളും 62 സുരക്ഷാ ഉദ്യോഗസ്ഥരും 38 സാധരണക്കാരും ഉൾപ്പെടുന്നുണ്ട്.
അതേസമയം 56 സാധാരണക്കാർക്കും 44 സുരക്ഷാ സേനാംഗങ്ങൾക്കും 11 തീവ്രവാദികൾക്കും ആക്രമണത്തിൽ പരിക്കേറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊത്തം മരണങ്ങളിൽ 81 ശതമാനവും തീവ്രവാദികളാണെന്ന് ഏജൻസി പറഞ്ഞു.
ആഗസ്ത് മാസത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള തീവ്രവാദ ആക്രമണങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടും ഈ മാസം ഈ വർഷത്തെ ഏറ്റവും കൂടുതൽ രക്തം ചീന്തിയ രണ്ടാമത്തെ മാസമായി ഉയർന്നുവെന്ന് ഏജൻസി പറഞ്ഞു. ആഗസ്തിൽ 254 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒക്ടോബറിൽ 68 സംഭവങ്ങളോടെ തീവ്രവാദി ആക്രമണങ്ങൾ 12 ശതമാനം കുറഞ്ഞെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് മൊത്തം മരണസംഖ്യ 77 ശതമാനം വർധിച്ചതായി ഡാറ്റ കാണിക്കുന്നു. ആക്രമണങ്ങളിൽ 87 ശതമാനവും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലും ബാക്കിയുള്ള സംഭവങ്ങൾ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുമാണ് നടക്കുന്നത്.
2024-ലെ ആദ്യ പത്ത് മാസങ്ങളിൽ പാകിസ്ഥാനിൽ മൊത്തം 785 തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ 951 പേർ മരിക്കുകയും 966 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും ഏജൻസി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: