കോഴിക്കോട്: കേരളത്തിന്റെ റെയില്‍ വികസനത്തിന് ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ച് റെയില്‍- ഐടി- വാര്‍ത്താവിതരണ വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ്. ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടും തിരുവനന്തപുരത്തും റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന് ഐടി ഹബ്ബുകള്‍ തുടങ്ങും. കോഴിക്കോട്ട് ഇതിനായി ഇന്നലെത്തന്നെ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. വൈകാതെ പ്രാവര്‍ത്തികമാക്കും. തിരുവനന്തപുരത്തും ഐടി ഹബ്ബ് വരും.
ഒരു ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. മൂന്ന് ബുള്ളറ്റ് ട്രെയിന്‍കൂടി വരുന്നു. അതിലൊന്ന് ദക്ഷിണ ഭാരതത്തിലാണ്. കേരളത്തില്‍ 35 റെയില്‍വേ സ്‌റ്റേഷനകളുടെ പുനര്‍ നിര്‍മാണവും വിപുലീകരണവും നടക്കുകയാണ്. കേരളത്തിലെ റെയില്‍ വികസന ബജറ്റ് മുമ്പ് 370 കോടിരൂപയുടേതായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അത് 3000 കോടിയുടേതായി. അതായത് എട്ടിരട്ടി. ഇത് ചരിത്രത്തിലാദ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. രാജ്യവികസനത്തിലും ജനക്ഷേമത്തിലും രാഷ്‌ട്രീയം വേണ്ടെന്നതാണ് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയം. പക്ഷേ കേരളത്തിലെ സര്‍ക്കാര്‍ അങ്ങനെയല്ല, കേന്ദ്രമന്ത്രി പറഞ്ഞു.
കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കോഴിക്കോട് സ്‌റ്റേഷനില്‍ മൂന്ന് പുതിയ പാളങ്ങള്‍ കൂടി നിര്‍മിക്കുന്ന കാര്യം പരിശോധിച്ച് ഉറപ്പാക്കി. ഭാവിയില്‍ വികസനം ഇനിയും വരുമ്പോള്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കാനാകും, മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റെയില്‍ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ കേരളത്തിന് 2100 കോടി രൂപകൊടുത്തു. ഇവിടെ പാളങ്ങള്‍ ഇരട്ടിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ട്. പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തി, ആധുനിക സംവിധാനങ്ങളുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ടാക്കും, എയര്‍പോര്‍ട്ട് നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് പദ്ധതി, അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നിലവിളക്കു കൊളുത്തി മന്ത്രി അശ്വിനി വൈഷ്ണവ് സുവര്‍ണ ജയന്തി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജന്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. കുമ്മനം രാജശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സുവര്‍ണ ജയന്തി ആഘോഷ സമിതി അധ്യക്ഷ പി.ടി. ഉഷ എംപി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍, ജന്മഭൂമിയിലെ ആദ്യ രാമചന്ദ്രന്‍ കക്കട്ടില്‍, എ.കെ. ഷാജി (മൈജി), കെ. അരുണ്‍ കുമാര്‍ (ലാന്‍ഡ് മാര്‍ക്ക്) എന്നിവര്‍ സന്നിഹിതരായിരുന്നു. ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എം. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക