ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ നിന്ന് നെഹ്റുട്രോഫി ജലോത്സവത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. മുന്‍ കാലങ്ങളില്‍ നെഹ്റുട്രോഫി ജലോത്സവമായിരുന്നു ഉദ്ഘാടന മത്സരമായി പരിഗണിച്ചിരുന്നത്. സിബിഎലില്‍ നിന്ന് ഒഴിവാക്കിയതോടെ നെഹ്റു ട്രോഫിക്കു സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട പണത്തില്‍ അരക്കോടിയോളം രൂപയുടെ കുറവുണ്ടാകും.
നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടന് വള്ളങ്ങള്‍ക്കായി സിബിഎലില്‍ നിന്നു ബോണസ് നല്‍കില്ല. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കില്ല. സിബിഎല്‍ തുക നല്കാത്തതിനാല് നെഹ്റു ട്രോഫി ബോട്ട്റേസ് സൊസൈറ്റി ഈ തുക നല്‍കേണ്ടി വരും. നെഹ്റു ട്രോഫിക്കു സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപ ഗ്രാന്റ് ഇതു വരെ നല്കാത്തതിനാല് വള്ളങ്ങള്‍ക്കുള്ള ബോണസ് വിതരണവും പൂര്‍ത്തിയായിട്ടില്ല.
നെഹ്റുട്രോഫിയെ സിബിഎലിന്റെ ഭാഗമാക്കിയാല്‍ വിജയിയെ ചൊല്ലിയുള്ള തര്‍ക്കം സിബിഎലിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയും സിബിഎല്‍ സംഘാടകര്‍ക്കുണ്ട്. ഫണ്ടില്ലാത്തതിനാലാണ് സിബിഎലില്‍ നിന്ന് ആറ് വള്ളംകളികള്‍ ഒഴിവാക്കിയതെന്നാണ് വിവരം. സിബിഎല്‍ നടത്തിപ്പിനായി ആറു കോടി രൂപമാത്രമാണു സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു നിര്‍ദേശം. കോട്ടയം താഴത്തങ്ങാടി വള്ളംകളി 16നും, കൈനകരി വള്ളംകളി 23നും, ചെങ്ങന്നൂര്‍ പാണ്ടനാട് വള്ളംകളി 30നും നടക്കും. ആലപ്പുഴ കരുവാറ്റ ഡിസംബര്‍ ഏഴ്, കായംകുളത്ത് ഡിസംബര്‍ 14നും, കൊ ല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ഡിസംബര്‍ 21നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: