ഒരാള്‍ ഒറ്റയ്‌ക്ക് വഴി നടക്കാന്‍ നിശ്ചയിച്ചു. മുന്നിലേക്ക് നോക്കി. പലവഴികള്‍. അവയിലൊക്കെ പലരുടെ കാലടികള്‍. അവയൊന്നും പിന്തുടരാന്‍ തോന്നിയില്ല. ആകര്‍ഷണം തോന്നിയതിന്റെ രൂപം ശരിയായിരുന്നില്ല. പലകാല്‍പ്പാടിനും ഉറപ്പുതോന്നിയിരുന്നില്ല. അഞ്ചുവിരലും ഉപ്പൂറ്റിയും നിലത്തുറച്ചിരുന്നില്ല. അവയ്‌ക്ക് അടയാളങ്ങളാകാനേ കഴിയില്ലെന്നു ബോധ്യമായി. ഒരു പുതുവഴിയിലൂടെ, അങ്ങനെ വേറിട്ടൊരു വഴിയില്‍ യാത്രയ്‌ക്ക് തുടക്കം കുറിച്ചു.
ഒറ്റയ്‌ക്ക് നടക്കും മുന്‍പ് പിന്‍തിരിഞ്ഞുനോക്കി. വഴികളില്‍ പാദമുദ്രകളുടെ പെരുക്കമായിരുന്നു, അസാമാന്യ പെരുപ്പമായിരുന്നു. അവ മാഞ്ഞുപോകാത്ത ചിഹ്നങ്ങളായിരുന്നു. അവയുടെ വലുപ്പവും മഹത്വവും ഉറപ്പും അന്വേഷിച്ച് തിരിച്ചറിഞ്ഞിരുന്നു. ആ സഞ്ചാരിയുടെ പദയാത്ര പിന്നീട് പഥസഞ്ചലനങ്ങളായി എമ്പാടും പടരുകയായിരുന്നു. ആ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള പോക്കിലെ അക്ഷരക്കൂട്ടുകളിലൊന്നിന് ഇപ്പോള്‍ അമ്പത് തികയുകയാണ്; ജന്മഭൂമിക്ക് വര്‍ഷം അമ്പതാകുന്നു.
സാംസ്‌കാരികതയുടെ കാലികമായ പ്രകടിതാര്‍ത്ഥം ദേശീയതയാണെന്ന് അറിഞ്ഞ്, ആ ദേശപ്രേമത്തിന്റെ പാതയിലായിരുന്നു ഡോ.കേശവ ബലിറാം ഹെഡ്ഗേവാറിന്റെ യാത്ര. അനാദിയില്‍ ആദ്യ ചുവടൂന്നിയ, അനന്തമായി തുടരുന്ന ആര്‍ഷദര്‍ശനത്തിലൂടെ നടന്നവരുടെ പാദമുദ്രകളും അതിന്റെ ഈണവും താളവുമായിരുന്നു 1925 വിജയദശമി നാളിലെ പുതുയാത്രയുടെ തുടക്കത്തിനും; ആശയസങ്കല്‍പ്പത്തിന്റെ കൃത്യകാലത്തെ ആവിഷ്‌കാരത്തുടക്കം. 50 വര്‍ഷം കഴിയേണ്ടിവന്നു ആ ആശയദര്‍ശനത്തിന് കേരളത്തില്‍ അക്ഷരത്തിലൂടെ ആവേശമാകുന്ന ദൈനംദിന പ്രസിദ്ധീകരണമുണ്ടാകാന്‍. അങ്ങനെയുണ്ടായ ജന്മഭൂമിക്ക് 2025 ഏപ്രില്‍ 28 ന് അമ്പത് വര്‍ഷത്തെ വളര്‍ച്ചയെത്തും; 1975 ഏപ്രില്‍ 28 നായിരുന്നു കോഴിക്കോട്ട് ജന്മഭൂമിയുടെ പിറവി; സായാഹ്ന പത്രമായി.
ചരിത്രപരമായിരുന്നു ആ വരവ്. പല തലത്തിലും തരത്തിലും ചരിത്രംകുറിച്ച പത്രം. അലങ്കാരവും ആട്ടവും പാട്ടും ആദര്‍ശവും ആര്‍ഷബോധവും ആഴത്തിലുണ്ടായിരുന്ന സാമൂതിരി ചരിത്രത്തിന്റെ നാട്ടില്‍, ആഴിയ്‌ക്കപ്പുറത്തുനിന്ന് അധിനിവേശം ആള്‍രൂപം മാറിവന്ന് കപ്പലിറങ്ങിയ നാട്ടില്‍, ജന്മഭൂമിയുടെ കര്‍മ്മഭൂമി രൂപപ്പെടുകയായിരുന്നു. ആ കര്‍മ്മഭൂമിയില്‍ പിഞ്ചുകാല്‍ വച്ച്, സംസ്‌കാരത്തിന്റെ, ദേശീയതയുടെ ഒഴുക്കില്‍ വിഷം കലര്‍ത്തുന്ന കാളിയന്മാരുടെ കലിയടക്കി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു ഇന്ന് ജന്മഭൂമി.
അമ്പതാം വര്‍ഷത്തിന് സ്വര്‍ണ വര്‍ണം ചാര്‍ത്തി, രാജ്യമെമ്പാടും, അല്ല, മലയാളിയുള്ളിടങ്ങളിലെല്ലാം ഒരു വര്‍ഷത്തെ ആഘോഷോത്സവങ്ങള്‍ക്ക് ആസൂത്രണം നടത്തിയിട്ടുണ്ട്. ഉത്സവക്കൊടിയേറ്റം, ജന്മഭൂമിയുടെ ഈറ്റില്ലമായ കോഴിക്കോട്ട് നടക്കുകയാണ്- 2024 നവംബര്‍ മൂന്നിന്. മൂന്നു മുതല്‍ ഏഴുവരെ അഞ്ചുദിവസത്തെ ആഘോഷങ്ങളാണ്. വിചിന്തനങ്ങള്‍, വിചാരണകള്‍, വിശദീകരണങ്ങള്‍, വിശകലനങ്ങള്‍ ഈ കാലത്ത് ജന്മഭൂമിയുടെ ദൗത്യമാണ്. രാജ്യം പുതിയൊരു വികസനക്കുതിപ്പിന് ശാസ്ത്രരംഗത്തും സുരക്ഷാ മേഖലയിലും ഉല്‍പാദനത്തിലും നിര്‍മാണത്തിലും ഉള്‍പ്പെടെ സ്വാശ്രയത്വത്തിലേക്ക് വളര്‍ന്നുവരുന്ന അമൃതകാലത്ത്, സ്വാതന്ത്ര്യലബ്ധിക്ക് മുക്കാല്‍ ദശകം പിന്നിട്ടിരിക്കെ, ജന്മഭൂമിയുടെ ദൗത്യമാണ് ആ വളര്‍ച്ചയും വികാസവും നേട്ടങ്ങളും ഘോഷിച്ച് ഉത്സവംകൊള്ളുകയെന്നത്. മഹാപ്രദര്‍ശിനികള്‍ വഴി ശാസ്ത്ര- സാങ്കേതിക രംഗത്തും വ്യവസായ, ആസൂത്രണ മേഖലയിലും രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ബഹുജനത്തിന് കാണാനായി ഒരുക്കുന്നുണ്ട്.
സുവര്‍ണജയന്തി ആഘോഷത്തില്‍, വിജ്ഞാനത്തിന്റെ സുവര്‍ണാഘോഷത്തിന് പേരു നല്‍കിയിരിക്കുന്നത് ‘സ്വ’ വിജ്ഞാനോത്സവമെന്നാണ്. സ്വച്ഛത, സ്വതന്ത്രത, സ്വാവലംബനം, സ്വരാജ്, സ്വാഭിമാനം, സ്വദേശി എന്നിങ്ങനെ സ്വാശ്രയത്വത്തിന്റെ ‘സ്വ’കളുടെ സമന്വി
തവും സമഗ്രവും സമ്പൂര്‍ണവുമായ സമവായം- സ്വ.
അടിസ്ഥാന വിഷയങ്ങളില്‍ പ്രധാനപ്പെട്ട ചില മേഖലകളെക്കുറിച്ചുള്ള വിലയിരുത്തലും വിശകലനവും വിമര്‍ശനവും വിചാരണയുമായി ചര്‍ച്ചകളും സെമിനാറും പ്രഭാഷണങ്ങളും വിശദീകരണങ്ങളുമാണ് സുവര്‍ണ്ണ ജയന്തിയാഘോഷത്തിന്റെ മറ്റൊരാകര്‍ഷണം. ഏഴു വിഷയങ്ങളിലൂന്നിയാണ് ഈ ദൗത്യം ഉദ്ഘാടന മേളയില്‍ കോഴിക്കോട്ട് നടക്കുക. ഹരിതവിപ്ലവവും ധവളവിപ്ലവവും കഴിഞ്ഞ് ബ്ലൂ റവല്യൂഷന്‍ എന്ന നീല വിപ്ലവം സങ്കല്‍പ്പിച്ച് നടപ്പാക്കുകയാണ് ഭാരതസര്‍ക്കാര്‍. ആ സമുദ്ര കേന്ദ്രിത വികസന പദ്ധതികളും പ്രവര്‍ത്തനങ്ങളും ‘സ്വ’ യില്‍ ചര്‍ച്ചയാകും.
ഭാരത ദേശീയ പതാകയിലെ നാലാം നിറമാണ് നീല. ദേശീയപതാകയിലെ അശോകചക്രത്തിന്റെ നിറം. അത് സമുദ്രനീലിമയാണ്. സമുദ്ര കേന്ദ്രിതമായ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക ശാസ്ത്രീയ പദ്ധതികളില്‍ പലതിനെക്കുറിച്ചുള്ള വിചിന്തനമാകും ബ്ലൂ റവലൂഷന്‍ ചര്‍ച്ചകള്‍. ആരോഗ്യമേഖലയിലെ അതിവിശാല പദ്ധതികള്‍, നടപടികള്‍, നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയ സംവിധാനത്തിന്റെ പ്രവൃത്തികള്‍ വിശകലനം ചെയ്യും. വനിതാ സംരക്ഷണവും ശാക്തീകരണവും വിഷയമായ സെമിനാര്‍, സാഹിത്യത്തിലെ മാറുന്ന പ്രവണതകള്‍ നിരീക്ഷിച്ച് വിശകലനം ചെയ്യുന്ന സാഹിത്യ ചര്‍ച്ചകള്‍, മാധ്യമരംഗത്തെ മാറ്റങ്ങളും പ്രതീക്ഷകളും പ്രശ്നങ്ങളും ചിന്തിക്കുന്ന മാധ്യമങ്ങള്‍ എങ്ങോട്ട്? എന്ന വിഷയത്തിലെ സെമിനാര്‍, സഹകരണ മേഖലയില്‍ വന്ന പുതിയ നിയമനിര്‍മാണത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും, ഭാരതം 2036 ലെ ഒളിമ്പിക്സിന് ആതിഥേയരാകാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ സ്പോര്‍ട്സ് രംഗവും കേരളവും ചര്‍ച്ച ചെയ്യുന്ന സെമിനാര്‍… ഇങ്ങനെ അടിസ്ഥാന വിഷയങ്ങളില്‍ വിജ്ഞാനത്തിന്റെ ഉത്സവാഘോഷമായിരിക്കും ‘സ്വ’.സംസ്‌കാരം പൂര്‍ണമാകുന്നത് ചരിത്രവും കലയും ജീവിതരീതികളും ഒത്തുചേരുമ്പോഴാണല്ലോ. കലയുടെ ഉത്സവനാളുകളായിരിക്കും ‘സ്വ’ വിജ്ഞാനോത്സവത്തിന്റെ സന്ധ്യകള്‍. ഭരതനാട്യം, സംഗീതം, നാടകം, നൃത്തം എന്നിങ്ങനെ വിവിധപരിപാടികളുടെ നിറവാര്‍ന്ന സന്ധ്യകള്‍ വിജ്ഞാനോത്സവത്തെ സര്‍ഗ്ഗകലോത്സവമാക്കും.
ആശയം ആദര്‍ശമാക്കി, ആദര്‍ശം അക്ഷരമാക്കാന്‍ അര്‍പ്പിക്കപ്പെട്ട അനേകരുടെ യജ്ഞഫലമാണ് ജന്മഭൂമിയും. ”ഭവാനൊരാളന്നിന്നോ ലക്ഷം
വിത്തിതു വന്‍മരമായ്
അതിന്റെ സാന്ദ്രച്ഛായയിലുലകം
സമാശ്വസിക്കുന്നു,” എന്നൊരു ഗണഗീതമുണ്ട്. നാലുവരിയില്‍ ഒതുക്കിയ സുചരിത്രമാണത്; അനേകം അദ്ധ്യായങ്ങള്‍ക്കു പകരം നാല്‍പ്പതില്‍ത്താഴെ അക്ഷരങ്ങള്‍ കൊരുത്തുരചിച്ച ബൃഹദ് ചരിത്രം. ആ ചരിത്രത്തില്‍ വലിയൊരു കണ്ണിയായിച്ചേരാന്‍ അമ്പതുവര്‍ഷത്തിനിടെ ജന്മഭൂമിക്കും കഴിഞ്ഞുവെന്നതാണ് പ്രധാനം. 1975 ഏപ്രില്‍ 28 ന് സായാഹ്ന പത്രമായി പിറവി. തന്റെ സഹോദരി ദേവകിയുടെ കുഞ്ഞുങ്ങളെ പിറന്നാലുടന്‍ കൊന്നുകളയുമായിരുന്നു പുരാണത്തിലെ ദുഷ്ട ഭരണാധികാരി കംസന്‍; തന്റെ ദുരാഗ്രഹങ്ങളും ദുര്‍ഭരണവും തടയപ്പെടുമെന്ന് ഭയന്ന്. അധികാരക്കൊതിയും അഴിമതിഭരണവും ശീലമാക്കിയ, ഭരണകൂടവും ഭരണാധിപത്യവും ചേര്‍ന്ന് ഏകാധിപത്യത്തിന്റെ കല്‍ത്തറയില്‍ ജനാധിപത്യത്തെ തല്ലിച്ചിതറിച്ചപ്പോള്‍ ആ രഷ്‌ട്രീയ അടിയന്തരാവസ്ഥയെ ചെറുത്തുനിന്നതിന് ജന്മഭൂമി നിരോധിക്കപ്പെട്ടു, അടച്ചുപൂട്ടി, പ്രസിദ്ധീകരണം തുടങ്ങി രണ്ടുമാസം തികയും മുമ്പുതന്നെ. പിന്നീട് അക്ഷരം യഥാര്‍ത്ഥത്തില്‍ ആയുധമാക്കിയ കാലമായിരുന്നു. ഒരു വലിയ സാംസ്‌കാരിക പ്രസ്ഥാനം രാഷ്‌ട്രത്തിനുവേണ്ടി രാഷ്‌ട്രീയാതീതമായി പോരാട്ടത്തിനിറങ്ങിയപ്പോള്‍ ജനശബ്ദത്തിന്റെ നാവരിയാന്‍ വാളെടുത്തവര്‍ക്ക് നാശം തുടങ്ങുകയായിരുന്നു. ഇന്ദിരാഗാന്ധിയെന്ന സ്വേച്ഛാധിപതി നടപ്പിലാക്കിയ അടിയന്തരാവസ്ഥയ്‌ക്കൊടുവില്‍, 1977 നവംബര്‍ 14 ന് കൊച്ചി ആസ്ഥാനമാക്കി പ്രഭാത ദിനപത്രമായി ജന്മഭൂമി പുനഃപ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്നുള്ള 47 വര്‍ഷം പിന്നിട്ട് അമ്പതാം വര്‍ഷത്തിലേക്ക് സുവര്‍ണമുദ്രയുമായി പത്രം സഞ്ചലനം തുടരുകയാണ്.
ഒമ്പത് എഡിഷന്‍, അതില്‍ ഒന്ന് കേരളത്തിന് പുറത്തും. നവീന മാധ്യമ സംവിധാന വേദികളിലൂടെ വിപുലവും ശക്തവുമായ സാന്നിദ്ധ്യം. കര്‍ക്കശമായ ചിട്ടവട്ടങ്ങളിലൂടെ, ലാഭനഷ്ടങ്ങളുടെ പണമിടത്തൂക്കം നോക്കുന്ന വ്യവസായ- വാണിജ്യ വൈഭവത്തിലല്ല, വിജ്ഞാനവും ജ്ഞാനവും പ്രസരിപ്പിക്കുന്നത് അളന്നല്ല അകമഴിഞ്ഞാണെന്ന തത്ത്വത്തിലൂന്നിയാണ് ജന്മഭൂമിയുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എണ്ണത്തിന്റെ കണക്കുകൊണ്ട് അളക്കാനാവാത്തതാണ് ജന്മഭൂമിയുടെ സ്വാധീനം. പോരായ്മകള്‍ പലതുമുണ്ടായിരിക്കെയും മറ്റാരും മടിക്കുന്നത് ചെയ്തും, മറക്കുന്നതും മറയ്‌ക്കുന്നതും ഓര്‍മിപ്പിച്ചുമാണ് വളര്‍ച്ച; അതെ, ജന്മഭൂമി ഒരു സംസ്‌കൃതികൂടിയാണ്- വൃത്താന്ത വായനപ്പത്രം മാത്രമല്ല.
ജന്മഭൂമിയ്‌ക്കകത്തും പുറത്തും നിന്ന് ഈ അമ്പതുവര്‍ഷത്തില്‍ ്രപവര്‍ത്തിച്ചവര്‍ ഏറെ. പ്രത്യക്ഷത്തിലും പരോക്ഷമായും അര്‍പ്പിക്കപ്പെട്ടവര്‍ ഒട്ടേറെ. മനസ്സും വപുസ്സും ധനവും സമര്‍പ്പിച്ചവര്‍ അനേകം. തലമുറകളായി ആ കര്‍മ്മം ധര്‍മ്മമായി തുടരുന്നവര്‍ പുതിയ തലമുറയിലുമുണ്ട്.
താണ്ടുവാന്‍ ഏറെ ദൂരമുണ്ട്, പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ തിളങ്ങുന്ന ചുവടടയാളങ്ങള്‍ ഏറെ. മുന്നില്‍ ഒറ്റയ്‌ക്ക് നടന്നുപോകുമ്പോള്‍ വഴിവെട്ടിക്കടന്നുപോകേണ്ട ദൂരം ഏറെ. മഹാരഥന്മാരാണ് നയിച്ചത്. പി.വി.കെ. നെടുങ്ങാടി എന്ന പത്രാധിപരുടെ പര്യായം, പ്രെ
ാഫ. എം.പി. മന്മഥന്‍ എന്ന ധര്‍മ്മയുദ്ധത്തിലെ സുധീരന്‍, നിലപാടുകള്‍ക്ക് സത്യധര്‍മ്മാദികളുടെ സംസ്‌കാര ഖദര്‍ ചുറ്റിയ വി.എം. കൊറാത്ത്, ആര്‍ഷജ്ഞാനത്തിന്റെ പാണ്ഡിത്യഗോപുരമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ആത്മാര്‍പ്പണത്തിന്റെ കര്‍മ്മമൂര്‍ത്തിയായ പി. നാരായണന്‍, മനക്കരുത്തിന്റെ കുങ്കുമപ്പൊട്ടായിരുന്ന ലീലാമേനോന്‍, പുതുതലമുറയുടെ മനസ്സറിഞ്ഞ് മാധ്യമപ്രവര്‍ത്തനം നടത്തിയ ഹരി എസ്. കര്‍ത്ത… ജന്മഭൂമിയുടെ മുഖ്യപത്രാധിപന്മാര്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചവരായിരുന്നു.
പത്രത്തെ മുന്നില്‍നിന്ന് നയിച്ചവരെല്ലാംതന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകര്‍. ആ ലോകോത്തര സാംസ്‌കാരിക സംഘടനയ്‌ക്ക് ചരിത്രവര്‍ഷം നൂറു തികയുമ്പോഴാണ് ജന്മഭൂമിയുടെ അമ്പത് എത്തുന്നത്. വഴിത്താര കല്ലും മുള്ളും നിറഞ്ഞതായിരുന്നു, ഇനിയും അങ്ങനെയാവാം. പക്ഷേ ലക്ഷ്യം സുവ്യക്തമാണ്, അതു നേടുന്ന യാത്രയില്‍ എന്നും ഒന്നിച്ചു പാടാന്‍ ദീര്‍ഘദൃഷ്ടികള്‍ എഴുതിവച്ച സുവര്‍ണാക്ഷരങ്ങളിലെ ഗണഗീതത്തിന്റെ വരികള്‍ ഇങ്ങനെയാണ്…
”അതാ കിഴക്കന്‍ മലകളില്‍ അരുണിമ
കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍
പ്രതീക്ഷകൊള്ളുന്നു…”
സത്യയുഗത്തിലേക്കുള്ള വളര്‍ച്ചയില്‍ സത്യശിവസൗന്ദര്യങ്ങള്‍ ഒന്നു ചേര്‍ന്ന മാര്‍ഗ്ഗത്തിലൂടെ,
”ഒരു വികാരം ഒരൊറ്റ യജ്ഞം
കൂട്ടുചേര്‍ന്നൊരഖണ്ഡ യജ്ഞം
യജ്ഞവേദിയില്‍നിന്നുമുയരും
നാം കൊതിക്കും പൂര്‍ണ്ണ വിജയം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: