ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. അനന്തനാഗിലെ ഹൽക്കൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനോട് അനുബന്ധിച്ചുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞ് സൈന്യം ഷംഗൂസ് ലാർനോയിലെ ഹൾക്കാൻ ഗാനി മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭീകരരിൽ ഒരാൾ കശ്മീർ സ്വദേശിയാണെന്നും രണ്ടാമത്തെയാൾ പാക്കിസ്ഥാനിയാണെന്നും വ്യക്തമായിട്ടുണ്ട്. മറ്റ് വിശദാംശങ്ങൾ സുരക്ഷാ സേന ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
ശ്രീനഗറിലെ ഖൻയാർ മേഖലയിൽ രാവിലെ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനന്തനാഗിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ശ്രീനഗറിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഭീകരനെ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണെന്നാണ് വിവരം. രാവിലെ ബുദ്ഗാം ജില്ലയിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേർക്ക് ഭീകരർ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ കശ്മീരിൽ സുരക്ഷാസേന വ്യപക തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക