വെളിച്ചത്തിന്റെ ഉത്സവമാണല്ലോ ദീപാവലി. പൂത്തുനില്ക്കുന്ന ചിരാതുകളിലൂടെ നമ്മള് വെളിച്ചത്തെ ആദരിക്കുന്ന ദിവസം. വെളിച്ചം പലവിധമുണ്ട്. സൂര്യന്റെ വെളിച്ചം, ദീപത്തിന്റെ വെളിച്ചം, അറിവിന്റെ വെളിച്ചം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം അങ്ങനെ പലതും. എല്ലാം മധുരം പകര്‍ന്നു തരുന്ന അനുഭവം തന്നെ. അതുകൊണ്ടാകാം ദീപാവലി നാളില്‍ മധുര പലഹാരത്തിനു പ്രാധാന്യം കൈവന്നത്. ഭാരത-ചൈനീസ് അതിര്‍ത്തിയില്‍ ഇന്നലെ ഇരു രാജ്യത്തേയും സൈനികര്‍ പങ്കുവച്ചത് അത്തരം അനുഭവസുഖമുള്ളൊരു പ്രകാശോത്സവമായിരുന്നു. അവര്‍ പരസ്പരം മധുരം കൈമാറി ദീപാവലി ആഘോഷിച്ചു. അതിര്‍ത്തിക്ക് അപ്പുറത്തുള്ളവര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നിരിക്കാം. ദീപാവലി ചൈനക്കാര്‍ക്ക് അന്യമാണല്ലോ. പക്ഷേ, ഭാരതത്തിന്റെ പരമ്പരാഗത ആഘോഷത്തില്‍ പങ്കുചേരാന്‍ അവര്‍ മനസ്സുകൊണ്ടു തയ്യാറായത്, അതിലടങ്ങിയ സൗഹൃദത്തിന്റെ മധുരം നുകരാനായിരുന്നിരിക്കാം. മധുരത്തിന് അതിര്‍വരമ്പുകളില്ലല്ലോ.
വ്യത്യസ്ഥതയും വൈവിധ്യവും നിലനില്‍ക്കുമ്പോഴും മനുഷ്യന് എന്ന നിലയില്‍ മറ്റുള്ളവരുടെ സന്തോഷത്തിലും ആഘാഷത്തിലും പങ്കുകൊള്ളാന്‍ കഴിയുക എന്നതാണ് ഉത്സവങ്ങള്‍ നമുക്കു തരുന്ന ഏറ്റവും മൂല്യമുള്ള കാര്യം. അതിര്‍ത്തിയിലെ ഈ ആഘോഷത്തിന് പിന്നില്‍ അത്തരമൊരു വലിയ സന്ദേശമുണ്ട്. ഏറ്റുമുട്ടലുകളുടേയും പിടിച്ചെടുക്കലുകളുടേയും ചെറുത്തു നില്പുകളുടേയും നീണ്ട കാലത്തിനു ശേഷം തിരിച്ചറിവിന്റെ പാതയിലൂടെ പരസ്പര സൗഹൃദത്തിലേക്കു വന്നതിന്റെ തുടര്‍ച്ചയാണത്. ഭാരതം ഭാരതമായും ചൈന ചൈനയായും നില്‍ക്കുമ്പോഴും മനുഷ്യനും മനുഷ്യനുമായിത്തന്നെ പെരുമാറാനുള്ള മാനസിക നിലവാരത്തിന്റെ സൂചനയുമാണ്.
പഴയ കോണ്‍ഗ്രസ് ഭരണകാലത്തെ ഇന്ത്യ-ചീന ഭായിഭായി ചങ്ങാത്തമല്ലിത്. അക്കാര്യം ചൈനയ്ക്കും അറിയാം. കരുത്തന് കരുത്തനെ തിരിച്ചറിയാന്‍ കഴിയും. അഥവ, കരുത്തനു മാത്രമേ കരുത്തനെ തിരിച്ചറിയാനാവൂ. ഇന്ന് ചൈന, ഭാരതത്തിന്റെ കരുത്തു തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ സൂചനകള്‍ പല രീതിയില്‍ പ്രകടമാകുന്നുണ്ട്. അതു പലരേയും അലോസരപ്പെടുത്തുന്നുമുണ്ട്. ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നു കയറാനുള്ള വ്യഗ്രത ചൈന ഉപേക്ഷിച്ചതും കയ്യേറിയ ഭാഗത്തു നിന്നു പിന്മാറിയതും സൗഹൃദത്തിന്റെ വഴിയിലേക്ക് ഇറങ്ങിവന്നതും, ഇന്നത്തെ ഭാരതം പഴയ ഇന്ത്യയല്ല എന്ന തിരിച്ചറിവുകൊണ്ടാണ്. ചൈനയുടെ കരുത്തിനെ അംഗീകരിക്കുമ്പോള്‍ത്തന്നെ, ഭാരതത്തിന്റെ കരുത്ത് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന സത്യവും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തില്‍ത്തന്നെ പലര്‍ക്കും ദഹിക്കാത്ത സത്യമാണത്. ഭാരതത്തില്‍ ഇരുന്നുകൊണ്ടു ചൈനയ്ക്കു വേണ്ടി സംസാരിക്കുന്നവര്‍ കണ്‍തുറന്നു കാണേണ്ടതും ഉള്ളുതുറന്ന് അറിയേണ്ടതുമാണ് ഇതൊക്കെ. അതിര്‍ത്തിയിലെ പഴയ സ്ഥാനങ്ങളിലേയ്ക്ക് ഇരു സൈന്യങ്ങളും പിന്മാറാനും പട്രോളിങ് തുടരാനും, സമാധാനപരമായി തിരുമാനമെടുക്കാനും ചൈന തയ്യാറായത് ഈ തിരിച്ചറിവുകൊണ്ടുതന്നെയാണ്. ചൈനയോടെന്നല്ല, ലോകത്തിലെ ഏതു രാഷ്ട്രത്തോടും രാഷ്ട്രത്തലവനോടും നേര്‍ക്കുനേര്‍ നിന്നു സ്വന്തം നിലപാടു പ്രഖ്യാപിക്കാനുള്ള തന്റേടം ആര്‍ജിച്ച രാഷ്ട്രമാണിന്ന് ഭാരതം. അത്തരം ശക്തിയോട് അടുത്തുനി
ല്ക്കാന് ഏതു ശക്തനും താത്പര്യം കാണിക്കും. അതാണ് ചൈനയുടെ സൗഹൃദ സമീപനത്തില്‍ കാണുന്നതും. കേവലമൊരു ദീപാവലി ആഘോഷമല്ല, ഭാരതത്തിന്റെ കരുത്തിന്റെ സ്വയം പ്രഖ്യാപനമാണ് അതിര്‍ത്തിയില്‍ നടന്നത്.
ഭാരതത്തിനു പുറത്ത് ഇതിലൊക്കെ അസ്വസ്ഥത അനുഭവിക്കുന്നത് പാകിസ്ഥാനാണ്. ഭാരത വിരോധത്തിന്റെ പേരില്‍ എക്കാലവും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ച ചൈനയുടെ നിലപാടുമാറ്റം പാകിസ്ഥാനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിലേക്ക് കടന്നുവരാനുള്ള പാക് ശ്രമത്തെ പിന്തുണയ്ക്കാത്തതിലൂടെ ചൈന അവര്‍ക്കു സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിക്കൊടുത്തു. അതിര്‍ത്തിയില്‍ ഭാരതവുമായുണ്ടാക്കിയ ധാരണയും ഇപ്പോഴത്തെ മധുരം പങ്കിടലും അതിന്റെ തുടര്‍ച്ചയുമായി കാണാം. ചൈനയ്ക്കും സമ്മതിക്കേണ്ടിവരുന്നു, മേഖലയില്‍ ഭാരതമാണ് കരുത്തരെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: