നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം യുഗയുഗങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. തമോഗുണപ്രാധാനന്മാരായ അസുരശക്തികള്‍ക്ക് ശാന്തിയുടേയും സമാധാനത്തിന്റെയും വഴികളറിയില്ല. പരദ്രോഹംകൊണ്ടു മാത്രമേ അവരുടെ ക്ലാവുപിടിച്ച മനസ്സിന് ആനന്ദം ലഭിക്കുകയുള്ളു. ധര്‍മ്മയുദ്ധം ഇവര്‍ക്കന്യമാണ്.
പതിയിരുന്നാക്രമിക്കുകയാണിക്കുട്ടരുടെ ഇഷ്ടവിനോദം.എത്ര ജാഗ്രതയോടെയിരുന്നാലും ദിശ മാറിമാറി ചതിപ്രയോഗത്തിലൂടെ ആക്രമണം അഴിച്ചുവിടുന്ന ഇവരെ നേരിടുവാന്‍ സാധിക്കാതെ വരുന്നു. ആക്രമണോല്‍സുകതയും നീചചിന്തയും ആസുരശക്തികളുടെ കൂടെപ്പിറപ്പാണ്. കുതന്ത്രങ്ങളേയവരുടെ തലയിലുദിക്കുകയുള്ളു.
പണ്ട്, കൃതയുഗത്തില്‍ വൃത്രാസുരനോടൊപ്പം ചേര്‍ന്ന് ക്രൂരന്മാരും യുദ്ധവിശാരതന്മാരുമായ കാലകേയന്മാര്‍ ദേവലോകം ആക്രമിക്കുന്നു. സ്ഥാനഭ്രഷ്ടരായ ദേവന്മാര്‍ വ്യഥയോടെ പരംപിതാവിനെ ശരണമടയുന്നു.മഹാശക്തനായ വൃത്രനെ വധിക്കുവാന്‍ ഇന്ദ്രന്റെ പക്കലുള്ള അസ്ത്ര ശസ്ത്രങ്ങള്‍ അപര്യാപ്തമാണെന്ന് വിധാതാവവരോടരുളിച്ചെയ്തു. ബ്രഹ്മദേവന്റെ ഉപദേശപ്രകാരം മഹാതപസ്വിയും തേജസ്വിയുമായ ദധീചിമഹര്‍ഷിയുടെ അടുത്തു ചെന്ന് ദേവരാജന്‍, അസുരവധം ചെയ്യുന്നതിന് ഒരു പുതിയ ആയുധം നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ നല്‍കണമെന്ന് വിനയാന്വിതനായി അപേക്ഷിക്കുന്നു.
മഹായോഗിയും ജ്ഞാനി യുമായ ദധീചിമഹര്‍ഷി സന്തോഷത്തോടെ തന്റെ ശരീരം ഉപേക്ഷിക്കുന്നു.അദ്ദേഹത്തിന്റെ അസ്ഥികളുപയോഗിച്ച് വിശ്വകര്‍മ്മാവ് വജ്രായുധം നിര്‍മ്മിച്ച് ഇന്ദ്രനുനല്‍കി. ഏതു പ്രബലശത്രുവിനേയും വകവരുത്തുവാന്‍ പര്യാപ്തമായിരുന്നു ആ വജ്രായുധം. ഇന്ദ്രനാല്‍ വൃത്രന്‍ വധിക്കപ്പെട്ടപ്പോള്‍ ശേഷിച്ച കാലകേയാസുരന്മാര്‍ ജീവരക്ഷക്കായി സമുദ്രാന്തര്‍ഭാഗത്തുചെന്നൊളിച്ചുവസിച്ചു.അവരുടെയുള്ളില്‍ അടങ്ങാത്ത പകയും പ്രതികാരചിന്തയും തിളച്ചുകൊണ്ടിരുന്നു. ഏതു വിധേനെയും തൃലോകങ്ങളെ നശിപ്പിച്ചു തങ്ങളുടെ ശക്തി പ്രകടിപ്പിക്കണമെന്നവര്‍ തീരുമാനിച്ചു. ദേവ താപസ മാനുഷ നാശത്തിനുള്ളുപായമവര്‍ പരസ്പരം ചര്‍ച്ചചെയ്തു. ലോകത്തിന്റെ നിലനില്‍പ് ധര്‍മ്മത്തിലധിഷ്ഠിതമാണെന്നുള്ളതുകൊണ്ട് ധാര്‍മ്മിക ജീവിതം നയിക്കുന്നവരേയും, ഋഷി തപസന്മാരേയും, സജ്ജനങ്ങളേയും വധിക്കുവാന്‍ അസുരരൊരുങ്ങുന്നു.
നേരിട്ടെതിര്‍ക്കുവാനുള്ള പ്രാപ്തിയില്ലാത്തതിനാല്‍ ചതി പ്രയോഗത്തിലൂടെയാണവര്‍ സത്വഗുണാശ്രിതന്മാരെ ആക്രമിച്ചു കൊന്നു കൊണ്ടിരുന്നത്. നിശയുടെ മറവില്‍ നിദ്ര പൂകിക്കിടക്കുമ്പോള്‍ ആയുധങ്ങളുമായി അവരുടെ മേല്‍ ചാടിവീണു കൊന്നു തിന്നുന്നത് ഒരു പതിവായി ത്തീര്‍ന്നു. ഭാരദ്വാജ, വസിഷ്ഠാ, ച്യവനാശ്രമങ്ങളിലുള്ള താപസന്മാരെയുംമറ്റു സാത്വീകന്മാരേയുംകാലകേയന്മാര്‍ നിരന്തരം വേട്ടയായിക്കൊണ്ടിരുന്നു. യുദ്ധനിപുണന്മാരായിട്ടുള്ളവര്‍ ഈ അസുരജാതികളെ തിരഞ്ഞു നടന്നെങ്കിലും അവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചതില്ല. സൂര്യോദയമാകുമ്പോഴേക്കുമസുരര്‍ സമുദ്രാന്തര്‍ഭാഗത്തു പോയൊളിക്കുന്നതു കൊണ്ട് അവരെ കണ്ടുപിടിക്കുകയെന്നതു ദുഷ്‌ക്കരമായിരുന്നു.
യജ്ഞാദി പുണ്യകര്‍മ്മങ്ങള്‍ ലോപിച്ചപ്പോള്‍ ദേവന്മാരും ചിന്തിതരായി. ജനങ്ങളുടെ ദുരവസ്ഥയറിഞ്ഞു വിഷമവൃത്തത്തിലകപ്പെട്ട നിലിമ്പര്‍, പാലാഴിയില്‍ ഫണീന്ദ്രമെത്തയില്‍ പള്ളികൊള്ളുന്ന സര്‍വാശ്രയനായ ശ്രീഹരി വിഷ്ണുവില്‍ അഭയം തേടുന്നു .ശത്രു ആരാണെന്നും എവിടെ നിന്നുവരുന്നു, എങ്ങോട്ടു പോകുന്നു എന്നൊന്നും അറിയുവാന്‍ കഴിയുന്നില്ല. ഇരുട്ടിന്റെ മറവില്‍ നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തില്‍ ധര്‍മ്മിഷ്ടരായവരും, ഋഷി താപസന്മാരുമെല്ലാം വാധിക്കപ്പെടുകയാണ്.ദേവസമൂഹത്തിന്റെ സങ്കടമറിഞ്ഞു പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ വിഷ്ണുഭഗവാനുപദേശിക്കുന്നു. അഗസ്ത്യമുനിയുടെ സഹായത്തോടെ സമുദ്രം വറ്റിച്ച്, കടലിനടിയിലൊളിച്ചിരിക്കുന്ന കലകേയന്മാരെ വധിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുന്നതാണെന്ന് ഇന്ദിരാകാന്തന്‍ നാകലോകവാസികളെ അനുഗ്രഹിക്കുന്നു.ദേവന്മാരുടെ അപേക്ഷകേട്ട് ലോകോപദ്രവകാരികളായ കലാകേയന്മാരെ വധിക്കുവാനായി അഗസ്ത്യമുനി സമുദ്രജലം ആചമനം ചെയ്യാന്‍ തയ്യാറായെത്തി.ആ അത്ഭുതക്കാഴ്ച കാണുവാന്‍ വീര്‍പ്പടക്കി മനുഷ്യരും യക്ഷരും ദേവഗന്ധര്‍വാദികളും സമുദ്രതീരത്തു സന്നിഹിതരായി.
കണ്ണുചിമ്മാതെയെല്ലാവരും നോക്കി നില്‍ക്കേ മുനിശ്രേഷ്ഠന്‍ കടല്‍ ജലം കുടിച്ചു വറ്റിച്ചു. സാഗാരാന്തര്‍ ഭാഗത്തു ഒളിച്ചിരുന്ന അസുരന്മാര്‍ പരിഭ്രമിച്ചു നില്‍ക്കുമ്പോള്‍ ദേവന്മാരവരുടെ മേല്‍ ചാടി വീണു. ജംഭാരിയുടെ വജ്രായുധത്തിന്റെ ഭീഷണശക്തിയസുരന്മാരെ നിമിഷങ്ങള്‍ക്കുള്ളില്‍ കാലപുരിക്കയച്ചു. തങ്ങള്‍ പതിവായി ചെയ്തിരുന്ന ക്രൂര പ്രവര്‍ത്തിയുടെ ഫലം അന്നവര്‍ക്കു ലഭിച്ചു.
ദൗത്യ നിര്‍വഹണത്തിനു ശേഷം കൃതാര്‍ത്ഥരായമരകള്‍ സമുദ്രം പഴയതുപോലെ ജലസമൃദ്ധമാക്കുവാന്‍ അഗസ്ത്യമുനിയോടപേക്ഷിക്കുന്നു. സമുദ്രപൂരണം തന്നാല്‍ സാദ്ധ്യമല്ലെന്നും താനാചമിച്ച ജലം ദഹിച്ചുപോയിയെന്നും വൃന്ദാരകന്മാരോട് മുനിയരുളി ചെയ്തു.എന്തു ചെയ്യേണ്ടു എന്നറിയാതെ വറ്റിവരണ്ട ജലനിധിയെ നോക്കി ദേവന്മാര്‍ കുണ്ഠിതപ്പെട്ടു.അവര്‍ ബ്രഹ്മദേവന്റെ സന്നിധിയില്‍ ചെന്നു വിവരങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അതെല്ലാം കാലക്രമത്തില്‍ പൂര്‍ണ്ണമാകുമെന്ന് പരം പിതാവരുളിചെയ്തു. സമാധാനത്തോടും സംതൃപ്തിയോടും കൂടി ദേവന്മാര്‍ അമരാവതിയിലേക്കു പോകുന്നു.
പിന്നീട് ഭഗീരഥരാജന്‍ കഠിന തപസ്സുചെയ്ത് ആകാശഗംഗയെ ഭൂമിയിലേക്കാനയിച്ചപ്പോള്‍ വറ്റി വരണ്ട സമുദ്രം വീണ്ടും തോയാകാരമായി ചമഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: