വെമ്പായം: എസ്ഡിപിഐയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി വെമ്പായം പഞ്ചായത്തില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും നറുക്ക് വീണത് കോണ്‍ഗ്രസിന് തന്നെ.
ഇതോടെ കോണ്‍ഗ്രസിലെ ബീന ജയന്‍ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി. ഉച്ചയ്‌ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്താങ്ങിയെങ്കിലും നറുക്കെടുപ്പിലൂടെ സിപിഐയുടെ ബിന്ദു ബാബുരാജ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാലാഴ്ചകള്‍ക്ക് മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണച്ചതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് വീണ്ടും കോണ്‍ഗ്രസ് ഭരണത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ് 8, എസ്ഡിപിഐ 1, എല്‍ഡിഎഫ് 9, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില. എട്ടംഗങ്ങളുള്ള കോണ്‍ഗ്രസിനെ എസ്ഡിപിഐ കൂടി പിന്താങ്ങിയതോടെ അംഗസംഖ്യ ഒമ്പത് ആകുകയായിരുന്നു. എല്‍ഡിഎഫിലെ ഷീലജ മത്സരിച്ചെങ്കിലും ഇരുകക്ഷികള്‍ക്കും തുല്യനില വന്നതിനാല്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. ബിജെപി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. നറുക്കെടുപ്പില്‍ കൂടിയാണ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയത്. എസ്ഡിപിഐയുടെ സഹായത്തോടെ യുഡിഎഫ് അധികാരത്തില്‍ എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം തീയിട്ടതുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നതിനിടയിലാണ് നറുക്കെടുപ്പിലൂടെ വീണ്ടും കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്തില്‍ ഇതുവരെയും സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
വരും ദിവസങ്ങളില്‍ വെമ്പായം പഞ്ചായത്തിലെ സ്ഥിതി എന്താകുമെന്ന് ജനങ്ങള്‍ കണ്ടറിയേണ്ടിവരും. എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയും. ഫലത്തില്‍ രാജ്യത്ത് ഇന്‍ഡി സഖ്യം അധികാരത്തില്‍ വരുന്ന പഞ്ചായത്തായി വെമ്പായം മാറി. മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നേടിയിട്ടു പോലും സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിച്ച് പഞ്ചായത്തിന്റെ വികസനം നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സഖ്യം സമ്മതിച്ചിട്ടില്ല. നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് കിട്ടിയതോടെ ഇടതുമുന്നണി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ചര്‍ച്ചയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: