കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ജയിലിലടച്ച സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരേ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഗുരുതര കുറ്റങ്ങള്‍. നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ദിവ്യയെത്തിയത് എല്ലാം ആസൂത്രണം ചെയ്താണ്. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചിട്ടില്ല. കുറ്റവാസനയോടെയും ആസൂത്രണ മനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ടു നടപ്പാക്കി. അന്വേഷണത്തോടു സഹകരിക്കാതെ ഒളിവില്‍ക്കഴിഞ്ഞു.
പ്രസംഗം ചിത്രീകരിക്കാന്‍ ആളെ ഏര്‍പ്പെടുത്തിയത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തി. പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിനു തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ദിവ്യ മുമ്പു പല കേസുകളിലും പ്രതിയാണ്, തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍.
അതേസമയം മുന്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും പ്രതികരണവുമായി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പു സമ്മേളനത്തിനു ശേഷം തെറ്റു പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴിയിലുറച്ച് കളക്ടര്‍. ദിവ്യക്ക് അനുകൂലമായി കേസ് മാറ്റാനുള്ള നീക്കമാണിതെന്ന് ആരോപണമുയരുന്നുണ്ട്.
കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ട്. ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ട്. കോടതി വിധിയില്‍ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ക്കു നല്കിയ മൊഴിയും സമാനമാണ്.
എട്ടു മാസം കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിനു കൊടുത്ത കത്തിലുള്ള കാര്യത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. യാത്രയയപ്പു ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല. എന്റെ അനുഭവത്തില്‍ നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥനാണ്. യാത്രയയപ്പിനു ശേഷം നവീന്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല, കളക്ടര്‍ തുടര്‍ന്നു. എഡിഎമ്മിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ വെരിഫൈ ചെയ്തോളൂ എന്നായിരുന്നു കളക്ടറുടെ മറുപടി.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിയുടെ 34-ാം പേജിലാണ് കളക്ടറുടെ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കളക്ടറുടെ മൊഴി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: