കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയെ ചേർത്ത് പിടിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന് അവയ്‌ലബിള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ദിവ്യയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്.
വിഷയത്തില്‍ ഇന്ന് കാര്യമായ ചര്‍ച്ച തന്നെ ഉണ്ടായില്ല. അതിനാല്‍ തന്നെ ഉടന്‍ സംഘടനാ നടപടിയില്ലെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. ഇന്നത്തെ യോഗത്തിൽ ഏരിയ സമ്മേളനങ്ങളുടെ വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ദിവ്യയെ മാറ്റിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ പിന്നീട് പരിഗണിക്കാമെന്നാണ് പാർട്ടി നിലപാട്.
സമ്മേളന കാലയളവായതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ വേണ്ടെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്. സമ്മേളനവേളയില്‍ സാധാരണ ഗതിയില്‍ സിപിഎം അച്ചടക്ക നടപടി സ്വീകരിക്കാറില്ല. എന്നാല്‍ ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്‌ത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ദിവ്യക്കെതിരേ പരസ്യമായ രംഗത്തെത്തിയിരുന്നു. ദിവ്യക്കെതിരേ നടപടി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു പത്തനംതിട്ട ജില്ലാ നേതൃത്വം.
കേസിൽ ദിവ്യക്കെതിനെ നിയമ നടപടികൾ ഉണ്ടാകുന്ന പക്ഷം, ദിവ്യക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്നായിരുന്നു പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇന്നലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ദിവ്യയെ റിമാൻഡ് ചെയ്‌തെങ്കിലും ഇതുവരെയും ഇവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: