കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ 100-ലധികം പേർക്ക് പരുക്കേറ്റിരുന്നു.
ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു. ആശുപത്രി മുഖാന്തരമായിരിക്കും ധനസഹായം നൽകുക. അപകടത്തിന് കാരണം ക്ഷേത്ര കമ്മിറ്റിക്കാരുടെ അശ്രദ്ധയാണെന്നും ക്ഷേത്ര കമ്മിറ്റിയും ചികിത്സാ സഹായം നൽകണമെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു.
സംഭവത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഏഴു പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
അപകടത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 2 രോഗികളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക