India

ഭാവിയിൽ തമിഴ്‌നാട്ടിൽ ഒരു കൂട്ടുകക്ഷി ഭരണം ഉണ്ടാകും ; ഡിഎംകെയും കോൺഗ്രസും എല്ലായ്‌പ്പോഴും അധികാര മോഹികൾ മാത്രം ; തമിഴിസൈ സൗന്ദരരാജൻ

Published by

ചെന്നൈ: സംസ്ഥാന സർക്കാരിൽ ഡിഎംകെയുമായി അധികാരം പങ്കിടണമെന്ന തമിഴ്‌നാട് കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തെ പരാമർശിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. കഴിഞ്ഞ ദിവസം ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചാലും സഖ്യകക്ഷികളുമായി അധികാരം പങ്കിടുമെന്ന നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ് യുടെ പ്രസ്താവനയ്‌ക്ക് ശേഷം ഡിഎംകെയോട് അധികാരം പങ്കിടണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസിന് ധൈര്യമുണ്ടായിയെന്ന് സൗന്ദരരാജൻ പറഞ്ഞു.

ക്രമേണ ഡിഎംകെയുടെ മറ്റ് സഖ്യകക്ഷികളും അധികാരം പങ്കിടണമെന്ന് ആവശ്യപ്പെടും. 2026ൽ തമിഴ്‌നാട്ടിൽ ഒരു കൂട്ടുകക്ഷി ഭരണം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. കൂടാതെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രമാണ് ഇരു പാർട്ടികളും സഖ്യമുണ്ടാക്കിയതെന്നും അവർ തുറന്നടിച്ചു.

ഡിഎംകെ പണ്ട് കോൺഗ്രസിനെതിരെ പോരാടിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സ്റ്റാലിനെ ജയിലിലടച്ചു. എന്നാൽ ഇന്ന് ഇരുവരും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ്‌നാട് കോൺഗ്രസ് ജനറൽ സെക്രട്ടറി ശരവണൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അധികാര പങ്കിടൽ സംബന്ധിച്ച് കത്തയച്ചിരുന്നു. തന്റെ പാർട്ടിക്കും സംസ്ഥാനത്തെ ഡിഎംകെയുടെ മറ്റ് എല്ലാ സഖ്യകക്ഷികൾക്കും ക്യാബിനറ്റ് പദവി നൽകണമെന്നായിരുന്നു കത്തിൽ ഉന്നയിച്ചിരുന്നത്. തന്റെ പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങളാണ് കത്തിൽ പ്രകടിപ്പിച്ചതെന്നും ശരവണൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ സംസ്ഥാനത്തെ മറ്റൊരു ഡിഎംകെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൽ കച്ചിയും ക്യാബിനറ്റ് പദവി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച വിക്രവണ്ടിയിൽ നടന്ന തന്റെ പാർട്ടിയുടെ ആദ്യ പൊതുറാലിയിൽ സഖ്യകക്ഷികളുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് വിജയ് പ്രഖ്യാപിച്ചതിന് ശേഷമാണ് മിക്ക പാർട്ടികളും ഈ ആവശ്യവുമായി മുന്നോട്ട് വന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക