ന്യൂദൽഹി : പതിറ്റാണ്ടുകളായി സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ അടിച്ചമർത്താനാണ് കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് സി. ആർ കേശവൻ. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തിന് മുന്നോടിയായാണ് കോൺഗ്രസിന് നേരെ ബിജെപി നേതാവിന്റെ ആക്രമണം.
സർദാർ പട്ടേലിന്റെ മഹത്തായ പാരമ്പര്യം കോൺഗ്രസ് പാർട്ടി തൂത്തെറിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർദാർ പട്ടേലിന്റെ മഹത്തായ പൈതൃകത്തോട് കോൺഗ്രസ് പാർട്ടി അനാദരവ് ചെയ്യുകയും മാറ്റിനിർത്തുകയും ചെയ്തിരുന്നു.
എന്നാൽ കോൺഗ്രസ് പാർട്ടിയുടെ ചരിത്രപരമായ പാപങ്ങൾ തിരുത്തുകയും സർദാർ പട്ടേലിന്റെ സംഭാവനകൾക്ക് അർഹമായ അർഹതയും ആദരവും ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേശവൻ പറഞ്ഞു. 2014ൽ നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ ഐക്യദിനമായി ആചരിച്ചതെന്നും സി ആർ കേശവൻ വ്യക്തമാക്കി.
നേരത്തെ ദേശീയ ഐക്യദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ദൽഹിയിൽ സംഘടിപ്പിച്ച യൂണിറ്റി റൺ പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും സർദാർ വല്ലഭായ് പട്ടേലിന്റെ ഐക്യത്തിന്റെ പ്രാധാന്യവും പാരമ്പര്യത്തെക്കുറിച്ച് സംവദിക്കുയും ചെയ്തു.
കൂടാതെ സർദാർ വല്ലഭായ് പട്ടേലിനെ മുൻകാല കോൺഗ്രസ് സർക്കാരുകൾ പലപ്പോഴും അവഗണിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സർദാർ പട്ടേലിനെ മറക്കാനുള്ള ശ്രമങ്ങൾ വർഷങ്ങളായി നടക്കുന്നത് നിർഭാഗ്യകരമാണെന്നും ഷാ പറഞ്ഞു.
വർഷങ്ങളോളം അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി നിഷേധിക്കപ്പെട്ടു. എന്നാൽ ഗുജറാത്തിലെ കെവാഡിയയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ച് സർദാർ പട്ടേലിന്റെ സ്മരണ നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: