ന്യൂദല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വയോധികര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ദല്‍ഹിയിലെയും ബംഗാളിലെയും മുതിര്‍ന്നവരോട് മാപ്പ് ചോദിക്കുന്നുവെന്ന പരാമര്‍ശത്തോടെ പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു. ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരും ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരും ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി അത്തരത്തില്‍ പ്രതികരിച്ചത്.
ബംഗാളിലെയും ദല്‍ഹിയിലെയും സര്‍ക്കാരുകള്‍ രാഷ്ട്രീയ കാരണങ്ങളാലാണ് കേന്ദ്രപദ്ധതി സംസ്ഥാനത്ത് നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു. എനിക്ക് നിങ്ങളെ സഹായിക്കാനാവാത്തതില്‍ സങ്കടമുണ്ട്. നിങ്ങള്‍ അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷേ എനിക്കൊന്നും ചെയ്യാനാവുന്നില്ല. നിങ്ങളുടെ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ആയുഷ്മാന്‍ യോജനയില്‍ ചേരാത്തതാണ് പ്രശ്നം. ഭരിക്കുന്ന നാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തുന്ന രീതി മനുഷ്യത്വമില്ലാത്തതാണെന്ന് മമതാ, ആപ്പ് സര്‍ക്കാരുകളോട് മോദി പറഞ്ഞു.
രാജ്യത്തെ എല്ലാവരേയും സേവിക്കാനാണ് എന്റെ പരിശ്രമം. എന്നാല്‍ ദല്‍ഹിയിലെയും ബംഗാളിലെയും രാഷ്ട്രീയ മതില് എന്നെ അതില്‍ നിന്ന് തടയുകയാണ്. എഴുപത് വയസിന്
മുകളില്‍ പ്രായമായ എല്ലാവര്ക്കും ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് നല്‍കുമെന്നും ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 12,850 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഒന്‍പതാം ആയുര്‍വേദ ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി തുടക്കമിട്ടു. ആയുഷ്മാന്‍ വയ വന്ദന കാര്‍ഡിന് അര്‍ഹരായവര്‍ക്ക് വേദിയില്‍ പ്രധാനമന്ത്രി ആരോഗ്യ കാര്‍ഡുകള്‍ നല്കി. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: