നാടെങ്ങും ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ്. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ പ്രകാശ കിരണങ്ങള്‍ക്കും പറയാനുണ്ട് ഒരുപാട് കാര്യങ്ങള്‍. ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും തിന്മയ്ക്കെതിരായ നന്മയുടെയും അജ്ഞതയ്ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലി.ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും സന്തോഷത്തിലും ആഘോഷത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഉത്സവങ്ങള്‍ ലക്ഷ്യമിടുന്നത്. എല്ലാ ആചാരങ്ങള്‍ക്കും പ്രത്യേക അര്‍ത്ഥങ്ങളുണ്ട്, അതില്‍ പുതുവസ്ത്രം ധരിക്കുകയോ ദീപങ്ങള്‍ കത്തിക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടുന്നു. ദീപാവലിയുടെ ആഘോഷത്തിലുടനീളം എല്ലാവരും അനുഷ്ഠിക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ദിയകള്‍ (ചിരാതുകള്‍) കത്തിക്കുക എന്നത് .
മണ്‍വിളക്കുകള്‍ പോലെയുള്ള ചിരാതുകള്‍ എല്ലാ വീടുകളിലും ദീപാവലി ദിനത്തില്‍ കത്തിക്കാറുണ്ട്. ത്രിസന്ധ്യ നേരത്താണ് ദീപം തെളിയിക്കുന്നത്. വെളിച്ചം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു. ദീപാവലി ധന്തേരസ് സമയങ്ങളില്‍ വീടുകളില്‍ 13 ദീപങ്ങള്‍ കത്തിക്കുകയും ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നാണ് ഐതീഹ്യങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി വീടുകളില്‍ എത്തുമെന്നും ദേവിയെ സ്വീകരിക്കാന്‍ വീട് വൃത്തിയാക്കി ദീപങ്ങളാല്‍ അലങ്കരിക്കണമെന്നും വിശ്വസിക്കപ്പെടുന്നു.
13 ദിയകള്‍ (ചിരാതുകള്‍) ദുരാത്മാക്കളില്‍ നിന്നും നെഗറ്റീവ് എനര്‍ജിയില്‍ നിന്നും സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. അവ വിശുദ്ധിയുടെയും കരുണയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. ഇത്തരത്തിലുള്ള പല വിശ്വാസങ്ങളും ആചാരങ്ങളും ദീപാവലിയെ കുറിച്ച് വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ നാട്ടിലും ഓരോ കഥകളാകും ദീപാവലിയുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: