ന്യൂദൽഹി : കഴിഞ്ഞ വർഷം മെയ് മുതൽ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലുകളിൽ മരിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം 209 ആണെന്നും മന്ത്രാലയം അറിയിച്ചു.
ഇവരിൽ 181 മത്സ്യത്തൊഴിലാളികൾ ഇതിനകം ആറ് മാസത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടുണ്ടെന്നും അവരുടെ പൗരത്വം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. കൂടാതെ ഇവരുടെ ഇന്ത്യയിലേക്കുള്ള മടക്കം ഇപ്പോഴും കാത്തിരിക്കുകയാണ്.
ഇവരിൽ ചിലർ 2021 മുതൽ പാകിസ്ഥാന്റെ കസ്റ്റഡിയിലാണ്. 28 മത്സ്യത്തൊഴിലാളികൾക്കുള്ള കോൺസുലർ പ്രവേശനം പാകിസ്ഥാനിൽ നിന്ന് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
കൂടാതെ 2023 മുതൽ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലുകളിൽ മരിച്ചിട്ടുണ്ട്. ഹൃദയസ്തംഭനവും രക്താതിമർദ്ദം മൂലമാണ് അവർ മരിച്ചതെന്നാണ് പാകിസ്ഥാൻ ഭാഷ്യം. ഒക്‌ടോബർ 25 നാണ് ഒരു ഇന്ത്യൻ മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഏറ്റവും പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാളുട പേര് ഹരിയെന്നാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമല്ല.
സെപ്തംബറിൽ സെറാഷ് എന്ന മറ്റൊരു ഇന്ത്യക്കാരനും പാക് ജയിലിൽ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. സെറാഷിന്റെ ഭൗതികാവശിഷ്ടങ്ങൾ ഒക്ടോബർ 11 ന് ഇന്ത്യയിലേക്ക് അയച്ചെങ്കിലും ഹരിയുടെ മൃതദേഹം ഇതുവരെ അയക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം ജൂലൈയിൽ പാകിസ്ഥാന്റെ കസ്റ്റഡിയിൽ നിന്ന് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും സിവിലിയൻ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകൾക്കൊപ്പം മോചിപ്പിക്കാനും തിരിച്ചയക്കാനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക