ശ്രീനഗർ : കശ്മീരിൽ തീവ്രവാദികൾക്കും അവർക്ക് പിന്തുണ നൽകുന്നവരെയും വെറുതെ വിടില്ലെന്ന് വ്യക്തമാക്കി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. കശ്മീരിലെ എല്ലാ ജില്ലകളിലെയും സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും വികസന വശങ്ങളെക്കുറിച്ചും ഗവർണർ ശ്രീനഗറിൽ അവലോകന യോഗം നടത്തി.
സുരക്ഷാ സംഘങ്ങളുടെ പ്രവർത്തനം ലെഫ്റ്റനൻ്റ് ഗവർണർ അവലോകനം ചെയ്യുകയും തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട് മുൻകൂർ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. നമ്മൾ സമാധാനം സംരക്ഷിക്കുകയും വികസനത്തിന് പിന്തുണയും നൽകണം. അതേസമയം ഭീകരർക്കെതിരെയും ഭീകരർക്ക് പിന്തുണയോ സുരക്ഷിത താവളമോ സഹായമോ നൽകുന്നവർക്കെതിരെയും സാധ്യമായ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജനങ്ങൾക്കിടയിൽ സാമൂഹിക സാമ്പത്തിക വികസനം ഉറപ്പാക്കുകയും സുരക്ഷിതത്വബോധം വളർത്തുകയും ചെയ്യുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സിൻഹ പറഞ്ഞു. ഇതിനു പുറമെ പൊതു സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും ഭീഷണിയായും ദേശവിരുദ്ധ പ്രചാരണം നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തീവ്രവാദ ആവാസവ്യവസ്ഥയെ തകർക്കാൻ സുരക്ഷാ ഏജൻസികൾക്കിടയിൽ കൂടുതൽ ജാഗ്രതയ്‌ക്കും ഏകോപനത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. കൂടാതെ മയക്കുമരുന്ന് ഭീകരവാദ പ്രശ്‌നം ഉടനടി കൈകാര്യം ചെയ്യണമെന്നും മുഴുവൻ നാർക്കോ-ഭീകര ശൃംഖലയും തകർക്കുന്നതിന് മുൻഗണന നൽകണമെന്നും ലെഫ്റ്റനൻ്റ് ഗവർണർ പറഞ്ഞു.
കശ്മീർ ഡിവിഷനിലെ എല്ലാ ജില്ലകളിലെയും ഡിഐജിമാർ, ഡിസിമാർ, എസ്എസ്പിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: