ചെറുതുരുത്തി: എന്‍ഡിഎയുടെ കേരളം പിടിക്കാനുള്ള തുടക്കം കുറിക്കുന്നത് ചേലക്കരയില്‍ നിന്നായിരിക്കുമെന്നും, ആ വിജയം കേരളത്തിനാകമാനമുള്ള നേട്ടമായി മാറുമെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
ചേലക്കര നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ചേലക്കരയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലേട്ടന് എന്ന പേരില്‍ തുടങ്ങിയതെല്ലാം വിജയത്തില്‍ കലാശിച്ചിട്ടുണ്ടെന്ന് മമ്മുട്ടിയുടെയും, മോഹന്‍ലാലിന്റെയും ഹിറ്റ് ചിത്രങ്ങളായ വാത്സല്യവും, ബാലേട്ടന് എന്ന സിനിമയും ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ ബാലകൃഷ്ണന് ഇനി എല്ലാവരുടേയും ബാലേട്ടനായി തുടര്‍ന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയം എപ്പോഴും പറഞ്ഞു നടക്കുന്ന ഈ മുന്നണികള്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. പൂര ദിവസം രാത്രി ആംബുലന്‍സില്‍ ഞാന്‍ അവിടെ പോയ ിട്ടില്ല. സ്വകാര്യ വാഹനത്തിലാണ് താന്‍ അവിടെ എത്തിയത്.
ഇക്കാര്യങ്ങളെല്ലാം പിണറായിയുടെ പോലീസിന് മഷിയിട്ട് നോക്കിയാലും അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കില്ല. കരുവന്നൂരിലെ കള്ളന്മാരും, ചെമ്പ് ഉരച്ചു നോക്കാന്‍ വന്നവരും ഈ മണ്ഡലത്തില്‍ തന്നെയുണ്ട്. കേരളത്തില്‍ ബിജെപിയെ ഇത്രത്തോളം വളര്‍ത്തിയത് ഈ രണ്ട് മുന്നണികളും ചേര്‍ന്നാണ്.
അത് അവര്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അത് തുടര്‍ന്നു കൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. ചേലക്കരയിലും, പാലക്കാട്ടും, വയനാടും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് ചേലക്കരയിലെത്തിയ അദ്ദേഹം അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഭാവിയില്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച ക്ഷേത്ര ഭാരവാഹികളോട് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്തു.
സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, പി.സി.ജോര്‍ജ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാര്‍, വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, അഡ്വ.ബി. ഗോപാലകൃഷ്ണന്, അഡ്വ.രവികുമാര്‍ ഉപ്പത്ത്, അതുല്യഘോഷ് വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: