World

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്

Published by

ടെല്‍ അവീവ്: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ രഹസ്യമായി അണുബോംബുകള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നത് തെളിയിക്കുന്ന തരത്തില്‍ നിരവധി ഉപഗ്രഹ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക്ക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തതായിട്ടാണ് വിവരം. ഇത് പലതും ഭൂഗര്‍ഭ ടണലുകള്‍ക്കുള്ളിലായിരുന്നു എന്നും സൂചനയുണ്ട്.

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് നല്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇറാന്റെ പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്‍ അവരുടെ ആണവായുധങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലാണെന്ന് നേരത്തേ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി സംശയം പ്രകടിപ്പിച്ചിരുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചുവെന്ന വാര്‍ത്തകള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാന്‍ അവരുടെ ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയതും ഇസ്രയേല്‍ ആക്രമിച്ചിരുന്ന പര്‍ച്ചിന്‍ മേഖലയിലായിരുന്നുവെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇറാന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയും ഇക്കാര്യം തള്ളിക്കളയുക ആയിരുന്നു. 2003 മുതല്‍ തന്നെ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നത്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ ആക്രമണം നടത്തിയ മറ്റൊരു പ്രധാന സ്ഥലം ഖോജിര്‍ സൈനിക കേന്ദ്രമാണ്.

ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് അവര്‍ ആക്രമിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ഇസ്രയേല്‍ നടത്തിയത് അത്ര വലിയ ആക്രമണമല്ല എന്നും നേരിയ തോതിലുള്ള നാശനഷ്ടം മാത്രമാണ് തങ്ങള്‍ക്ക് ഉണ്ടായതെന്നുമാണ് ഇറാന്‍ പറയുന്നത്. ഇസ്രയേലിന് ഇതിന് കനത്ത തിരിച്ചടി നല്കുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു.

ഇതിനിടയില്‍ ലെബനനില്‍ ഹിസ്ബുള്ളയുടെ റദ്വാന്‍ സൈന്യം തമ്പടിച്ചിരുന്ന കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സേന വ്യക്തമാക്കി. ഇസ്രയേല്‍ സേനയ്‌ക്കുനേരെ നേരിട്ട് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയുടെ യൂണിറ്റാണ് റദ്വാന്‍ സേന. തെക്കന്‍ ലെബനനില്‍ റദ്വാന്‍ സംഘാംഗങ്ങളുടെ കമാന്‍ഡ് പോസ്റ്റുകള്‍, ആയുധശേഖരങ്ങള്‍, ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടത്. ഇവിടെനിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത് സ്ഥലം ‘ശുദ്ധീകരിച്ച’തായി ഐഡിഎഫ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by