ശ്രീനഗര്‍: കശ്മീരില്‍ തുടര്‍ക്കഥയാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ജനാധിപത്യവും സമാധാനവും അട്ടിമറിക്കാനുള്ള നീക്കമെന്ന് വിലയിരുത്തല്‍.
നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം 15 ദിവസത്തിനുള്ളില്‍ 19 കൊലപാതകങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും കേന്ദ്രഭരണത്തില്‍ ജമ്മു കശ്മീരില്‍ രൂപപ്പെട്ട സമാധാനാന്തരീക്ഷവും വികസനവും തകര്‍ക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ആക്രമണങ്ങളെന്നാണ് വിലയിരുത്തുന്നത്. ഷോപ്പിയാന്‍, ഗന്ദര്‍ബാല്‍, ത്രാല്‍, ബാരാമുള്ള എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.
ജമ്മു കശ്മീരില്‍ സമാധാനപൂര്‍ണമായി പൂര്‍ത്തിയായ തെരഞ്ഞെടുപ്പും പുതിയ സര്‍ക്കാര്‍ രൂപീകരണവും പാക്കിസ്ഥാനെയും ഭീകരസംഘടനകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. സമാധാനവും വികസനവും തടയാനാണ് സാധാരണ പൗരന്മാരെയും തൊഴിലാളികളെയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം തീവ്രവാദം പൂര്‍ണമായി അമര്‍ച്ച ചെയ്യാന്‍ ലഫ. ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷാ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ബാരാമുള്ളയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും രണ്ട് മിലിട്ടറി പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. വിനോദസഞ്ചാരത്തിന് പ്രശസ്തമായ ഗുല്‍മാര്‍ഗിന് സമീപം ബൂട്ടപത്രി നാഗിന് ചൗക്കിലാണ് ആക്രമണമുണ്ടായത്. പൊതുവെ ഗുല്‍മാര്‍ഗ് സമാധാനന്തരീക്ഷമുള്ള പ്രദേശമാണ്. ഇവിടെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഢപദ്ധതിയുണ്ടെന്നാണ് വിലയിരുത്തല്‍.
പുല്‍വാമയിലെ ത്രാലില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശി ശുഭം കുമാറിനെ ഭീകരര്‍ ആക്രമച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ അടുത്തിടെ നടന്ന മൂന്നാമത്തെ ആക്രമണമാണിത്. 18നാണ് ബിഹാര്‍ സ്വദേശിയായ അശോക് കുമാര്‍ ചൗഹാന് വെടിയേറ്റ് മരിച്ചത്. 20ന്, ഗന്ദര്‍ബാലില്‍ ഒരു ഇന്‍ഫ്രാ കമ്പനിയിലെ തൊഴിലാളികളുടെ ക്യാമ്പ് ആക്രമിക്കപ്പെട്ടു, ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: