കോഴിക്കോട്: ഇതിഹാസത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ചാലിച്ചെടുത്ത എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ ചിത്രാവിഷ്കാരവും ജന്മഭൂമിയുടെ സുവര്‍ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ട്രേഡ് സെന്ററില്‍ നടക്കുന്ന ‘സ്വ’ പ്രദര്‍ശനത്തില്‍ ഇടം പിടിക്കും. ചിത്രകാരനും ശില്‍പ്പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീനി പാലേരിയാണ് റിഥമിക്ക് റിബണിക് എന്ന തന്റേതായ ചിത്രശൈലിയിലൂടെ രണ്ടാമൂഴത്തെ പുനരാവഷ്ക്കരിക്കുന്നത്. മൂന്നരവര്ഷമെടുത്താണ് ശ്രീനി പാലേരി രണ്ടാമൂഴത്തെ നാല്‍പ്പത് ചിത്രങ്ങളിലൂടെ ആവിഷ്ക്കരിച്ചത്. കോഴിക്കോട്ട് ആദ്യമായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രങ്ങളില്‍ ഭീമന്റെ ഗദ പ്രതീകമായി ആവിഷ്ക്കരിക്കുന്നു. രണ്ടാമൂഴത്തിലെ ആദ്യ അധ്യായം മുതല്‍ ചിത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്. ചിത്രകലാ അദ്ധ്യാപകനായ ശ്രീനിയുടെ ഈ ചിത്രങ്ങള്‍ തുഞ്ചന്‍ പറമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ലോഹ ചിത്രങ്ങളായി ശ്രീനി ആവിഷ്ക്കരിച്ചിരുന്നു.
മാധവിക്കുട്ടിയുടെ എന്റെ കഥ, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ എന്നിവയ്ക്കും ശ്രീനി നേരത്തെ ചിത്രാവിഷ്ക്കാരം നല്‍കിയിട്ടുണ്ട്.
ജന്മഭൂമിയുടെ അമ്പത് വര്‍ഷത്തെ ചരിത്രവും പ്രദര്‍ശനത്തില്‍ ദൃശ്യങ്ങളായി ഇടം പിടിക്കും. 1975 ഏപ്രില്‍ 28 നാണ് ജന്മഭൂമി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഭരണാധികാരികള്‍ അടച്ചുപൂട്ടിയ പത്രം 1977 നവംബര്‍ 14 ന് കൊച്ചിയില്‍നിന്നാണ് പുന:പ്രസിദ്ധീകരണമാരംഭിച്ചത്. ദേശീയ സാര്‍വദേശീയ സംഭവങ്ങളുടെ ജന്മഭൂമിയിലൂടെയുള്ള വാര്ത്താവിഷ്ക്കാരമാണ് പ്രത്യേക പ്രദര്‍ശനത്തില്‍ ഒരുങ്ങുന്നത്. അരുണാചലിലെ ചൈനീസ് കടന്നുകയറ്റം, ബിജെപി രൂപീകരണ ശേഷമുള്ള ആദ്യ ദേശീയ സമ്മേളനം, വീരപ്പന്‍വേട്ട, നിലയ്ക്കല്‍ പ്രക്ഷോഭം, മാറാട് കൂട്ടക്കൊല, ഗുരുദവ പ്രതിമ തകര്‍ക്കപ്പെട്ടത്, മാതാ അമൃതാനന്ദമയി അവഹേളിക്കപ്പെട്ടത്, ശങ്കരാചാര്യരുടെ അറസ്റ്റ്, വാജ്പേയ്യുടെ ഇറാന് സന്ദര്‍ശനം, കശ്മീര്‍ പ്രശ്നത്തില്‍ ഭാരതത്തിന് ഇറാന്റെ പിന്തുണ ചിത്രമായി പ്രദര്‍ശനത്തില്‍ ഇടംപിടിക്കും.
കെ.കെ. സുരേഷാണ് ജന്മഭൂമിയുടെ അമ്പതു വര്‍ഷത്തെ ചരിത്രം ചിത്രങ്ങളായി ഒരുക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് നരിപ്പറ്റയാണ് ഗവേഷണവും ആവിഷ്ക്കാരവും. കൊച്ചിന് ഷിപ്യാര്ഡ്, ഐഎസ്ആര്‍ഒ, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: