കൊച്ചി: നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടന വേദി മാറ്റി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങുകള്‍ അന്ന് വൈകിട്ട് നടക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി കൊച്ചിയില്‍ നടന്ന മാധ്യമ പ്രവര്‍ത്തക പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു. നേരത്തെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമായിരുന്നു നിശ്ചയിച്ചത്. സാങ്കേതികമായ കാരണങ്ങളാലാണ് വേദി മാറ്റമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഹോക്കി താരം പി.ആര്. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നവംബര്‍ 11ന് വൈകിട്ട് മഹാരാജാസ് കോളജ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ട്രോഫി സമ്മാനിക്കും.
രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും.
ഉദ്ഘാടന ദിവസം 3000ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും. കായികമേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകള്‍ കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട് മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും.
മാധ്യമങ്ങള്‍ക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉള്‍പ്പെട്ട മീഡിയ സമിതിക്കും രൂപം നല്കി. യോഗത്തില്‍ വിവിധ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ടി.ജെ. വിനോദ് എംഎല്‍എ മീഡിയ റൂം സംബന്ധിച്ചകാര്യങ്ങള്‍ വിശദീകരിച്ചു. പ്രധാന വേദിയായ മഹാരാജാസ് കോളേജില്‍ ആയിരിക്കും മീഡിയ റൂം പ്രവര്‍ത്തിക്കുക. മത്സരം നടക്കുന്ന 17 വേദികളുമായി ബന്ധിപ്പിച്ച് നെറ്റ്വര്‍ക്ക് സംവിധാനവും ഉണ്ടാകും.
കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്, ജിസിഡിഎ ചെയര്മാന് കെ ചന്ദ്രന്‍പിള്ള, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി നവാസ് ബീരാന് എന്നിവരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: