40 വിമാനങ്ങള്‍ നിര്‍മിക്കും
സി-295 പദ്ധതിക്ക് കീഴില്‍, ആകെ 56 വിമാനങ്ങളാണ് ഡെലിവറി ചെയ്യേണ്ടത്. അതില്‍ 16 എണ്ണം സ്പെയിനില്‍ നിന്ന് എയര്‍ബസ് നേരിട്ട് ഇറക്കുമതി ചെയ്യുന്നു, ബാക്കി 40 എണ്ണം ഭാരതത്തില്‍ നിര്‍മിക്കും. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനാണ് ചുമതല. ഭാരതത്തില്‍ സൈനിക വിമാനങ്ങള്‍ക്കായി സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ഫൈനല്‍ അസംബ്ലി ലൈന്‍ ആയി ഈ സംരംഭം മാറും. നിര്‍മാണം മുതല്‍ സംയോജനം, പരിശോധനകളും-പരീക്ഷണങ്ങളും, യോഗ്യത നല്‍കല്‍, ഡെലിവറി, പരിപാലനം എന്നിവ ഉള്‍പ്പെടെ വിമാന നിര്‍മാണത്തിന്റെ പൂര്‍ണമായ പ്രവര്‍ത്തനവും ഇതില്‍ ഉള്‍പ്പെടുന്നു. ടാറ്റയെ കൂടാതെ, പ്രതിരോധ മേഖലയിലെ പൊതു മേഖലാ സംരംഭങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയും സ്വകാര്യ മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും.
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സി-295 വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ടാറ്റ എയര്‍ക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടാറ്റയുടെ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് കാമ്പസിലാണ് വിമാന നിര്‍മാണം. പുതിയ പദ്ധതി രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന മേഖല കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുന്നതിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ആദ്യ ഭാരത സന്ദര്‍ശനമാണിത്. സി-295 വിമാനങ്ങള്‍ നിര്‍മിക്കാനുദ്ദേശിച്ചുള്ള ടാറ്റ എയര്‍ക്രാഫ്റ്റ് കോംപ്ലക്സ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഒപ്പം മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന ദൗത്യത്തിന് ആക്കവും കൂട്ടും.
രാജ്യത്തെ പുതിയ തൊഴില്‍ സംസ്‌കാരത്തിന്റെ ഉദാഹരണമാണ് സി 295 വിമാനങ്ങളുടെ നിര്‍മാണശാല. 2022 ഒക്ടോബറില്‍ തറക്കല്ലിട്ട ഫാക്ടറി അതിവേഗത്തിലാണ് യാഥാര്‍ത്ഥ്യമായത്. ഓര്‍ഡന്‍സ് ഫാക്ടറികളെ ഏഴു പ്രധാന കമ്പനികളായി പുനഃക്രമീകരിച്ചും ഡിആര്‍ഡിഒ, എച്ച്എഎല്‍ എന്നിവയെ ശാക്തീകരിച്ചും പ്രതിരോധ നിര്‍മാണ മേഖലയെ നവീകരിച്ചു. ഇന്നവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് പദ്ധതി വഴി ആയിരത്തോളം പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളാണ് വളര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിലുണ്ടായത് മുപ്പതു മടങ്ങ് വര്‍ദ്ധനവാണ്. നൂറിലേറെ രാജ്യങ്ങളിലേക്ക് ഭാരതം പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു, മോദി പറഞ്ഞു.
എയര്‍ബസ്-ടാറ്റ ഫാക്ടറി പോലുള്ള പദ്ധതികള്‍ വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. 18,000 വിമാന ഭാഗങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുന്നത് ആയിരക്കണക്കിന് എംഎസ്എംഇകള്‍ക്ക് വലിയ അവസരങ്ങളാണ് നല്‍കുന്നത്. ലോകത്തിലെ മുന്‍നിര വിമാനക്കമ്പനികള്‍ക്ക് വിമാന ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഭാരതം മുന്‍പന്തിയിലാണ്. രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ 1,200 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശീയമായ വിമാന നിര്‍മ്മാണ പദ്ധതികളുടെ വിപുലീകരണം കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മോദി വ്യക്തമാക്കി. സ്പാനിഷ് ഫുട്ബോളിന് ഭാരതത്തില്‍ നിറയെ ആരാധകരുള്ളതു പോലെ യോഗക്ക് സ്പെയിനിലും വലിയ പ്രചാരമാണെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക