Kerala

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍, സതീശന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നത് ചില വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍

Published by

പാലക്കാട് : തൃശൂര്‍ പൂരം പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നു. ആരുടെയും പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തി. വെടിക്കെട്ട് മനപൂര്‍വം വൈകിച്ചു. സര്‍ക്കാരിന്റെ വീഴ്ചയാണ് ഇതെല്ലാം. എന്നാല്‍ ഈ കാര്യത്തില്‍ പിണറായിയെ വിഡി സതീശന്‍ പിന്തുണയ്‌ക്കുകയാണ്.

പ്രതിപക്ഷ നേതാവ് പറയുന്നത് ആര്‍എസ്എസാണ് പൂരം കലക്കിയതെന്നാണ്. ആര്‍എസ്എസിനോ ബിജെപിക്കോ ഇതില്‍ ഒരു ബന്ധവുമില്ല. ആര്‍എസ്എസിനെ പറഞ്ഞാല്‍ ചില വോട്ടുകള്‍ കിട്ടുമെന്ന് കരുതിയാണ് സതീശന്‍ പച്ചകള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റപ്പെടുത്തുന്നത്.

ലക്ഷക്കണക്കിന് ഭക്തര്‍ ആശങ്കയിലായപ്പോള്‍ ഓടിയെത്തിയതാണോ അദ്ദേഹത്തിന്റെ കുറ്റം. ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

മുനമ്പത്ത് വഖഫ് നിയമം കാട്ടി തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുകയാണ്. ഇതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രം ദീപിക രംഗത്ത് വന്നിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് , കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ നിയമസഭയില്‍ ഐകണ്‌ഠ്യേന പ്രമേയം അവതരിപ്പിച്ച ഭരണപ്രതിപക്ഷങ്ങള്‍ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

നിലവിലെ വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത് അത് ഒഴിവാക്കാനാണ്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും പ്രീണന രാഷ്‌ട്രീയത്തിനായി ഇതിനെ തുരങ്കംവെക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക