ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് നടപടികൾ കേന്ദ്രസർക്കാർ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും പ്രത്യേക പോർട്ടലും സജ്ജമായി. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് 4 വര്‍ഷം വൈകി ആരംഭിക്കുന്നത്. 2027 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന.
കണക്കെടുപ്പ് പൂർത്തിയാക്കാൻ ഏകദേശം 18 മാസത്തോളം സമയം വേണ്ടിവരുമെന്നാണ് പ്രതിക്ഷിക്കുന്നത്. താമസസ്ഥലം, പേര്, വയസ്, മതം, ലിംഗം, ഭാഷ, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. കോവിഡ് അടുക്കമുള്ള പ്രതിസന്ധികളാണ് സെൻസസ് വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.
സെന്‍സസ് ഡാറ്റ പുറത്തു വിട്ടാൽ പിന്നാലെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും. ഇത് 2028-ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണയും ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് വിവരം. മതം അടിസ്ഥാനപ്പെടുത്താനുള്ള കോളം ഉണ്ടാകുമെങ്കിലും ജാതി രേഖപ്പെടുത്തുകയില്ല. ജാതി സെൻസസ് നടത്താതെ ഒബിസി, പിന്നാക്ക വിഭാഗക്കാരെ കേന്ദ്രസർക്കാർ വീണ്ടും ചതിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു.
അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക