അയോധ്യ : ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ആദ്യ ദീപാവലി അതിമനോഹരമായി ആഘോഷിക്കാൻ ഒരുങ്ങി യോഗി സർക്കാർ. ഈ ദീപാവലിക്ക് സരയൂ നദിയുടെ തീരത്ത് 28 ലക്ഷം വിളക്കുകൾ തെളിയിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
ഇതിനായി പ്രത്യേക പരിസ്ഥിതി സൗഹൃദ വിളക്കുകൾ കൊളുത്തി രാമക്ഷേത്രത്തെ പ്രകാശിപ്പിക്കും. ഈ വിളക്കുകൾ ക്ഷേത്രത്തിന്റെ ഘടനയെ സാരമായി ബാധിക്കുന്ന പാടുകളും മണവും ഉണ്ടാകാതിരിക്കാനുള്ള തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ മലിനതയിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രത്യേക മെഴുക് വിളക്കുകൾ ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ പ്രത്യേകം പുഷ്പങ്ങൾ കൊണ്ട് രാമക്ഷേത്ര സമുച്ചയം അലങ്കരിക്കും. ഇതിനായി ഉദ്ദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേക ചുമതലകളും നൽകിയിട്ടുണ്ട്.
ഈ ദീപാവലിക്ക് അയോധ്യയെ വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല ശുചിത്വത്തിന്റെയും പാരിസ്ഥിതിക ബോധത്തിന്റെയും പ്രതീകമാക്കി മാറ്റാനാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ദീപോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം ദർശനത്തിനായി ഒക്ടോബർ 29 മുതൽ 1 വരെ അർദ്ധരാത്രി വരെ തുറന്നിടാൻ തീരുമാനിച്ചു. സന്ദർശകർക്ക് ഗേറ്റ് നമ്പർ 4 ബി (ലഗേജ് സ്കാനർ പോയിൻ്റ്) യിൽ നിന്ന് ക്ഷേത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും.
കൂടാതെ ദീപോത്സവ് 2024 ന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഡോ. രാം മനോഹർ ലോഹ്യ അവധ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ പ്രതിഭ ഗോയലിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലധികം സൂപ്പർവൈസർമാരുടെയും കോ-ഓർഡിനേറ്റർമാരുടെയും ഭാരവാഹികളുടെയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ 30,000-ത്തിലധികം സന്നദ്ധപ്രവർത്തകർ 28 ലക്ഷം ദിയകളുമായി സരയൂ നദിക്കരയിലുള്ള 55 ഘട്ടുകൾ അലങ്കരിക്കും.
14 കോളേജുകൾ, 37 ഇൻ്റർ കോളേജുകൾ, 40 എൻജിഒകൾ എന്നിവിടങ്ങളിൽ നിന്നായി 30,000 സന്നദ്ധപ്രവർത്തകർ ഒരുക്കങ്ങളിൽ പങ്കാളികളാകുമെന്ന് ദീപോത്സവ ആഘോഷങ്ങളുടെ നോഡൽ ഓഫീസർ സന്ത് ശരൺ മിശ്ര പറഞ്ഞു.
കൂടാതെ 150-ലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി രാം കി പൈഡിയിലെ ഘാട്ട് നമ്പർ 10-ൽ 80,000 ദിയകൾ ഉപയോഗിച്ച് മനോഹരമായ സ്വസ്തിക ചിഹ്നവും രൂപപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: