അമ്പലപ്പുഴ: അദ്ധ്യയന വര്‍ഷം പകുതി പിന്നിട്ടിട്ടും യൂണിഫോം അലവന്‍സ് സര്‍ക്കാര്‍ നല്‍കിയില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് യൂണിഫോം അലവന്‍സ് നല്കാന് തടസമായിരിക്കുന്നത്. എയ്ഡഡ് വിദ്യാലയങ്ങളിലെ എല്‍പി, യുപി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിഫോം അലവന്‍സായി 600 രൂപ നല്‍കുന്നത്. 400 രൂപ രണ്ട് ജോഡി തുണി വാങ്ങാനും 200 രൂപ തയ്യല്ക്കൂലിയുമായാണ് നല്‍കുന്നത്. ഈ അലവന്‍സ് തുകയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.
2019-20 മുതല്‍ 2024 അദ്ധ്യയന വര്‍ഷങ്ങളിലായുള്ള അലവന്‍സാണ് ഇനിയും ലഭിക്കാനുള്ളത്. കൊവിഡ് കാലത്തിന് ശേഷം സംസ്ഥാനത്ത് ഒരു വിദ്യാലയത്തിലും യൂണിഫോം അലവന്‍സ് ലഭിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ അലവന്‍സ് അതത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകര്‍ക്ക് കൈമാറിയിരുന്നു. ഈ തുക പിന്നീട് പ്രഥമാദ്ധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നേരിട്ടോ അക്കൗണ്ടിലോ നല്‍കുകയായിരുന്നു പതിവ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഏഴ് വരെയും എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ നാല് വരെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ കൈത്തറിത്തുണി നേരിട്ട് സ്കൂളുകളിലെത്തിക്കുകയാണ്.
ഈ അദ്ധ്യയന വര്‍ഷം യൂണിഫോം കൈപ്പറ്റിയവര്‍ ഇതിന്റെ തുകയായ 600 രൂപ തിരിച്ചടക്കാന്‍ സ്കൂളധികൃതര്‍ നിര്‍ദേശം നല്കി തുടങ്ങി.
2023-24 വര്‍ഷം അഡ്മിഷന് എടുത്ത കുട്ടികള്‍ക്ക് യൂണിഫോം അഡ്വാന്‍സായി നല്‍കിയിരുന്നു. എന്നാല്‍ ഇന്നുവരെ ആ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച യൂണിഫോമിന്റെ തുകയായ 600 രൂപ എത്രയും പെട്ടെന്ന് മടക്കി നല്‍കണമെന്നാണ് പല പ്രഥമാദ്ധ്യാപകരും അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: