പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിക്കാരനെ സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എക്കാലത്തും സ്വീകരിച്ചിരുന്നത്. മദനിക്ക് നല്കിയ സ്വീകരണത്തിലും, തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമന്ത്രിക്കൊപ്പം പി. ജയരാജനും പങ്കെടുത്തിട്ടുണ്ട്. മദനിയുടെ പാര്‍ട്ടിയുമായി ലോക്സഭയിലും നിയമസഭയിലും സിപിഎം സഖ്യമുണ്ടാക്കി. കേരളത്തിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ പിഡിപിയുമായും മദനിയുമായും നേരിട്ട് ബന്ധം പുലര്‍ത്തിയത് സിപിഎമ്മാണെന്ന് ജയരാജന് ബോധപൂര്‍വം വിസ്മരിക്കുകയാണ്, കെ. സുരേന്ദ്രന് പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ കേരളത്തിലെ ജനങ്ങളോട് പരസ്യമായി സിപിഎം മാപ്പ് പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. അല്ലാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് മനസിലാക്കി അതിന്റെ ഭാഗമായി ഒരു അടവു നയം അവതരിപ്പിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല .
ജയരാജന്റെ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്തതിന്റെ പാപഭാരത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിന് കഴിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇപ്പോള്‍ സിപിഎം ലീഗ് വിരോധം പറയുന്നതും ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണ്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: