മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ജയിച്ചത് എഫ്സി ബാഴ്സിലോണ. വെറുമൊരു ജയമല്ല, റയല്‍ മാഡ്രിഡിനെ അവരുടെ സ്വന്തം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നാണംകെടുത്തി.
ഗോളെണ്ണത്തില്‍ മാത്രമല്ല കളിയുടെ സര്‍വ്വ മേഖലയിലും ആധിപത്യം പുലര്‍ത്തിയായിരുന്നു ബാഴ്സയുടെ ഗംഭീര വിജയം. റയലിനുവേണ്ടി മിന്നും താരങ്ങളായ വിനീഷ്യസ് ജുനിയറും കിലിയന്‍ എംബപ്പെയും മികവ് കാട്ടിയെങ്കിലും കളം നിറയുന്ന പ്രകടനത്തിന് ബാഴ്സ താരങ്ങള്‍ അനുവദിച്ചില്ല. കിട്ടിയൊരു സുവര്‍ണാവസരത്തില്‍ വിനിഷ്യസ് ഉതിര്‍ത്ത ഷോട്ട് നേരീയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. എംബാപ്പെ മൂന്ന് തവണ വലയ്ക്കുള്ളില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ്സൈഡായത് റയല്‍ ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തി.
മത്സരം ആദ്യ പകുതിയില്‍ ഗോളില്ലാതെയാണ് അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങി കുറച്ചെത്തയപ്പോള് റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഡെഡ്ലോക്ക് ബ്രേക്ക് ചെയ്തു. രണ്ട് മിനിറ്റിനകം ലെവന്‍ഡോവ്സ്കി വീണ്ടും ഗോള്‍ നേടി. ഇക്കുറി ഹെഡ്ഡറിലൂടെ ഫിനിഷ് ചെയ്ത ലെവന്‍ഡോവ്സ്കി മത്സരത്തില്‍ തന്റെ ഇരട്ടഗോള്‍ തികച്ചു. പിന്നെയും ബാഴ്സ താരങ്ങള്‍ റയല്‍ ഗോള്‍മുഖത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. 77-ാം മിനിറ്റില്‍ കൗമാര താരം ലാമിന് യമാല്‍ റയലിന് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ഫലം 3-0ന് ബാഴ്സ മുന്നില്‍. 84-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മികച്ചൊരു സോളോ റണ്ണിലൂടെ റഫീഞ്ഞ ടീമിന്റെ ലീഡ് എതിരില്ലാത്ത നാല് ഗോളായി ഉയര്‍ത്തി. കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ ഹാട്രിക് ഗോള്‍ നേടിയ ആവേശത്തിലായിരുന്നു റഫീഞ്ഞ.
ജയത്തെ തുടര്‍ന്ന് ലാ ലിഗ പട്ടികയില്‍ രണ്ടാമതുള്ള റയലിനെക്കാള്‍ ആറ് പോയിന്റ് ലീഡ് നേടാന്‍ ബാഴ്സയ്ക്കായി. 11 കളികളില്‍ നിന്ന് പത്ത് വിജയവുമായി ബാഴ്സ 30 പോയിന്റ് നേടിയപ്പോള്‍ റയല്‍ ഇത്രയും കളിയില്‍ നിന്നും നേടിയത് 24 പോയിന്റാണ്. നിലവിലെ ലീഗ് ജേതാക്കളായ റയല്‍ സീസണില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: