ന്യൂദല്‍ഹി: സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചന വീണ്ടും. ഇക്കുറി കെ.സി. വേണുഗോപാല്‍ അധ്യക്ഷനായ പാര്‍ലമെന്‍റ് അക്കൗണ്ട് കമ്മിറ്റിയാണ് മാധബി പുരി ബുച്ചിനെ കുറ്റവാളിയുടെ കുപ്പായം ചാര്‍ത്താന്‍ ഗൂഢാലോചന നടത്തുന്നത്. വിവിധ പാര്‍ട്ടികളിലെ പ്രതിനിധികള്‍ അംഗങ്ങളായ സമിതിയാണ് പബ്ലിക് അക്കൗണ്ട് കമ്മിറ്റി.
കേന്ദ്രം കുറ്റവിമുക്തമാക്കിയിട്ടും വേണുഗോപാല്‍ മാധബി പുരി ബുച്ചിനെ വേട്ടയാടുന്നു
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ മാധബി പുരി ബുച്ച് സെബി അധ്യക്ഷ എന്ന പദവിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 2025ല്‍ കാലാവധി തീരും വരെ സെബി അധ്യക്ഷ പദവിയില്‍ തുടരാന്‍ മാധബി പുരി ബുച്ചിനെ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാധബി പുരി ബുച്ചിനെ കുറ്റവാളിയുടെ പരിവേഷം ചാര്‍ത്താനുള്ള ശ്രമം കെ.സി. വേണുഗോപാലിലൂടെ കോണ്‍ഗ്രസ് തുടരുകയാണ്. നേരിട്ട് ഹാജരായി മാധബി പുരി ബുച്ച് ആരോപണങ്ങള്‍ക്ക് വിശദീകരണം നല‍്കണമെന്ന പിടിവാശിയില്‍ ഉറച്ചുനില്‍ക്കുകയാണ് കെ.സി. വേണുഗോപാല്‍ അധ്യക്ഷനായുള്ള പാര്‍ലമെന്‍റ് അക്കൗണ്ട് കമ്മിറ്റി.
തനിക്ക് നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മാധബി പുരി ബുച്ച് അപേക്ഷിച്ചെങ്കിലും നേരിട്ട് ഹാജരായേ മതിയാകൂ എന്ന തീരുമാനത്തിലാണ് പാര്‍ലമെന്‍റ് അക്കൗണ്ട് കമ്മിറ്റി. “നേരിട്ട് ഹാജരാകാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ബുദ്ധിമുട്ടുണ്ടെന്ന് മാധബി പുരി ബുച്ച് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഞങ്ങള്‍ തള്ളിക്കളയുന്നു. അതിനാല്‍ പബ്ലിക് അക്കൗണ്ട് സമിതി യോഗം മറ്റൊരു ദിവസത്തേക്ക് നീട്ടിവെയ്‌ക്കുകയാണ്. “-കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. അതായത് മാധബി പുരി ബുച്ച് നേരിട്ട് ഹാജരാകണം എന്ന വാശിയില്‍ ഉറച്ചുനില്‍ക്കുകയാണ് വേണുഗോപാല്‍. കോണ്‍ഗ്രസിനെ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പണമിടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)യുടെ ചുമതല എന്നിരിക്കെ സിഎജി പോലും ഒരു കുറ്റവും പറയാത്ത മാധബി പുരി ബുച്ചിന്റെ താല്‍പര്യവിരുദ്ധ പെരുമാറ്റങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടേണ്ടതില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വരവു ചെലവ് കണക്കുകളില്‍ കൃത്രിമമുണ്ടോ എന്ന് നോക്കുക മാത്രമാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചുമതല. അല്ലാതെ സെബി അധ്യക്ഷ മാധബി പുരി ബുച്ച് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കലല്ലെന്നും നിഷികാന്ത് ദുബെ പറയുന്നു.ഇതുവഴി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷന്‍ കെ.സി. വേണുഗോപാല്‍ കേന്ദ്രത്തെയും സെബി ചീഫ് മാധബി പുരി ബുച്ചിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് പരാതി നല്‍കി. പബ്ലിക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷന്‍ കെ.സി. വേണുഗോപാലിനെ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. .
വിദേശരാജ്യങ്ങളുടെ ടൂള്‍കിറ്റുകള്‍ നടപ്പാക്കാന്‍ വേണുഗോപാലും
യോഗി ആദിത്യനാഥിനെയും മോദിയെയും വീഴ്‌ത്തുക വഴി ബിജെപി ഭരണത്തെ അട്ടിമറിക്കുക, ഗൗതം അദാനിയെ തകര്‍ക്കുക വഴി മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക തുടങ്ങി പല നിഗൂഢപദ്ധതികളുടെയും ടൂള്‍ കിറ്റുകള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചില സ്ഥാപിതതല്‍പരഗ്രൂപ്പുകള്‍ തയ്യാറാക്കിയതായി നേരത്തെയും വാര്‍ത്താകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രധാനമായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകള്‍ അതിനായി ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് അതിനായി മാത്രം ചില എന്‍ജിഒകളെയും മാധ്യമപ്രവര്‍ത്തകസംഘങ്ങളെയും അതിനായി പണം നല്‍കി സജ്ജമാക്കിയിട്ടുണ്ട്. ഈ ടൂള്‍കിറ്റുകള്‍ ഇന്ത്യയിലെ നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഈ വിദേശസംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ പെടുന്ന മറ്റൊരാളാണ് കെ.സി.വേണുഗോപാലും. ചില രാജ്യങ്ങളുടെ അതിനിഗൂഢമായ ടൂള്‍കിറ്റുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് കെ.സി. വേണുഗോപാല്‍ എന്ന നേതാവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ തടയുകയാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം. ഒക്ടോബര്‍ 24ന് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ പ്രവര്‍ത്തനങ്ങള്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) വിലയിരുത്താന്‍ പോവുകയാണ്. സെബി അധ്യക്ഷ മാധബി പുരി ബുച്ച് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും സെബിയിലെ വഴിവിട്ട നടപടിക്രമങ്ങളും പരിശോധിക്കമെന്ന് പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമൊഴുക്കിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് ഈയിടെ അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻ ബർഗ് ആരോപിച്ചിരുന്നു. തന്റെ ആസ്തി കൃത്യമായി വെളിപ്പെടുത്താതെ താല്പര്യവിരുദ്ധമായി സെബി അധ്യക്ഷ എന്ന നിലയില്‍ മാധബി പുരി ബുച്ച് പ്രവര്‍ത്തിച്ചിരുന്നു എന്നും ഹിന്‍ഡന്‍ ബര്‍ഗ് ആരോപിച്ചിരുന്നു. അദാനിക്കെതിരായ സെബിയുടെ അന്വേഷണം മന്ദഗതിയിലാക്കിയത് അദാനിയും മാധബി പുരി ബുച്ചും തമ്മിലുള്ള ബന്ധം മൂലമാണെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മാധബി പുരി ബുച്ച് നിഷേധിച്ചിരുന്നു. അദാനിയ്‌ക്കെതിരെ വസ്തുതകളില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പുതിയ റിപ്പോര്‍ട്ടിലൂടെ ഹിന്‍ഡന്‍ബര്‍ഗ് തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്നാണ് മാധബി പുരി ബുച്ച്..മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് മാധബി പുരി ബുച്ചിനെ വേട്ടയാടുന്നു
കഴിഞ്ഞ കുറച്ചുനാളുകളായി മാധബി പുരി ബുച്ചിനെ കോണ്‍ഗ്രസ് വേട്ടയാടാന്‍ ശ്രമിക്കുകയായിരുന്നു. ഒട്ടേറെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഉയര്‍ത്തിയ രണ്ട് ആരോപണങ്ങളും കഴമ്പില്ലാതെ തള്ളിക്കളയപ്പെട്ടു. വോക്കാഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമുള്ള കരോള്‍ ഇന്‍ഫോ എന്ന കമ്പനിയില്‍ നിന്നും മാധബി പുരി ബുച്ച് 2.16 കോടി രൂപ വാടകയിനത്തില്‍ സ്വീകരിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു പവന്‍ഖേരയുടെ ഒരു ആരോപണം. ഇത് വൊക്കാഡ് തന്നെ നിഷേധിച്ചു. നേരത്തെ ഐസിഐസിഐ ബാങ്കിനെയും മാധബി പുരി ബുച്ചിനെയും ബന്ധപ്പെടുത്തിയും പവന്‍ ഖേരയുടെ ആരോപണം ഉയര്‍ത്തിയിരുന്നു. ഐസിഐസിഐ ബാങ്കില്‍ നിന്നും വിരമിച്ചതിന് ശേഷവും മാധബി പുരി ബുച്ച് പണം കൈപ്പറ്റിയിരുന്നു എന്നും ഇത് സെബിയില്‍ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിന് വിരുദ്ധമായാണ് ഈ പണം കൈപ്പറ്റിക്കൊണ്ടിരുന്നതെന്നുമാണ് പവന്‍ ഖേര ആരോപിച്ചത്.ഈ ആരോപണം ഐസിഐസിഐ ബാങ്ക് തന്നെ നിഷേധിച്ചിരുന്നു. ഇതോടെ പവന്‍ ഖേരയ്‌ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് കെ.സി. വേണുഗോപാല്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മാധബി പുരി ബുച്ചിനെതിരെ നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: