ആലപ്പുഴ: ഹരിപ്പാട് ബസിനുള്ളില്‍ തിക്കും തിരക്കും ഉണ്ടാക്കി മാല മോഷണം നടത്തിയ മൂന്ന് കര്‍ണാടക സ്വദേശിനികള്‍ പിടിയില്‍. കര്‍ണാടക മാംഗ്ലൂര്‍ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ കൊല്ലം എഴുകോണ്‍ സ്വദേശിനി രാജമ്മയുടെ ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് ആയിരുന്നു സംഭവം.
ബസിലേക്ക് കയറുന്നതിനിടെ തിരക്ക് ഉണ്ടാക്കിയാണ് മാല പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ രാജമ്മ ബഹളം വയ്‌ക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് യുവതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ നിന്നും മോഷണം പോയ മാല കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക