തിരുവനന്തപുരം: വിഷം പുരണ്ട വാക്കുകള്‍ കൊണ്ട് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ ആത്മഹത്യയിലേക്ക് നയിച്ച പി പി ദിവ്യയെപ്പോലെ ഒരാളെ സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കരിക്കുലം കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നത് അനുചിതമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കുളത്തൂര്‍ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതമായി.
സിപിഎം നേതാവായ പി പി ദിവ്യ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയില്‍ ഇപ്പോഴും അംഗമാണ്. അധാര്‍മികമായ നിലപാടുകളുള്ള ഒരാള്‍ വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നയിക്കാനും അവരുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും ഉള്ള ഒരു സമിതിയില്‍ തുടരുന്നത് അനീതിയാണ്. എത്രയും വേഗം ഇവരെ ഈ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. തദ്ദേശസ്ഥാപന മേധാവികളുടെ പ്രതിനിധിയായാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യയെ കരിക്കുലം കമ്മിറ്റിയില്‍ അംഗമാക്കിയത്.
ഇവരെ ഇപ്പോഴും സംരക്ഷിക്കുന്ന കണ്ണൂരിലെ പാര്‍ട്ടി ഘടകം ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല.എന്നാല്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ദിവ്യക്കെതിരെയുള്ള പരാതികളില്‍ പൊതുജനങ്ങള്‍ക്ക് ബോധ്യമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: