Varadyam

വയലാറിന്റെ താരാട്ട് പാട്ടുകള്‍

Published by

”പശുര്‍വേത്തി ശിശുര്‍വേത്തി
വേത്തി ഗാനരസം ഫണി”
എന്ന് സുപ്രസിദ്ധമായ ഒരു സംസ്‌കൃതശ്ലോകമുണ്ട്. കുഞ്ഞും മൃഗവും സര്‍പ്പവും ഗാനരസത്തെ അറിയുന്നു, അല്ലെങ്കില്‍ ഇഷ്ടപ്പെടുന്നു എന്നാണ് അര്‍ഥം. ശിശുവിന് പാട്ട് വളരെ പ്രിയങ്കരമാണ്. അമ്മയുടെ താരാട്ട് ഏതൊരു കുഞ്ഞിനെയും ആനന്ദിപ്പിക്കും. നീലാംബരി, ശങ്കരാഭരണം, കല്യാണി, സുരുട്ടി, ഹിന്ദോളം തുടങ്ങിയ രാഗങ്ങളിലാണ് കൂടുതല്‍ താരാട്ടുപാട്ടുകളും പിറന്നിരിക്കുന്നത്. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ വായനകേട്ട് വൃന്ദാവനത്തിലെ പശുക്കള്‍ മതിമറന്നു നില്ക്കുന്ന പ്രകൃതം ഭാഗവതത്തിലുണ്ട്. പുന്നാഗവരാളി, നാഗരഞ്ജിനി തുടങ്ങിയ രാഗങ്ങള്‍ ആലപിച്ചാല്‍ ആസ്വദിക്കാന്‍ സര്‍പ്പങ്ങള്‍ വരുമെന്ന് സംഗീതശാസ്ത്രം പറയുന്നു.

താരാട്ട് സാര്‍വ്വലൗകികമാണ്. സ്വാതിതിരുനാളിനെ പാടിയുറക്കാന്‍വേണ്ടി ഇരയിമ്മന്‍ തമ്പി രചിച്ച താരാട്ടാണ്
”ഓമനത്തിങ്കള്‍ക്കിടാവോ നല്ല
കോമളത്താമരപ്പൂവോ” എന്നത്. ഇന്ത്യന്‍ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം തുടങ്ങിയ കാലത്ത് ഹിന്ദി, ബംഗാളി, തമിഴ് സിനിമകളില്‍ ധാരാളം താരാട്ട് പാട്ടുകളുണ്ടായി. അവയില്‍ നിന്നാണ് മലയാള സിനിമാതാരാട്ടിന്റെ തുടക്കവും. വയലാര്‍ രാമവര്‍മ്മ രചിച്ച പ്രശസ്തമായ താരാട്ട് പാട്ടുകളുണ്ട്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത മണവാട്ടി എന്ന സിനിമയില്‍ ദേവരാജന്‍ ഈണം നല്കി പി. സുശീല പാടുന്ന ‘മുത്തശ്ശിക്കഥ പറഞ്ഞുറക്കാം മുത്തം തന്നുണര്‍ത്താം ഞാന്‍’ എന്ന താരാട്ട് ദുഃഖസാന്ദ്രമാണ്. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള മണവാട്ടിയിലെ നായകന്‍ സത്യനും നായിക കെ.ആര്‍. വിജയയുമാണ്. മാലാഖമാരുടെ കഥ വേണോ മഗ്ദലന മറിയത്തിന്‍ കഥ വേണോ മുള്‍ക്കിരീടം ചൂടിയ ശ്രീയേശുദേവന്റെ ദുഃഖത്തിന്‍ കഥ വേണോ എന്ന് ചരണത്തില്‍ ചോദിക്കുന്നു. രണ്ടാം ചരണത്തില്‍ ഷാജഹാനും മുംതാസും താജ്മഹലും കണ്വാശ്രമവും ശകുന്തളയുമൊക്കെ സ്മരിക്കപ്പെടുന്നു. സ്വഛന്ദം ഒഴുകുന്ന ഒരു നദീപ്രവാഹം പോലെയാണ് ഈ പാട്ട്. കൊട്ടാരക്കര ശ്രീധരന്‍നായരും കമലാദേവിയും പ്രധാനമായി അഭിനയിച്ച കല്യാണഫോട്ടോ സിനിമയില്‍ രാഘവന്‍ ഈണം നല്കി ലീല പാടിയ ഓമനത്തിങ്കള്‍ കിടാവുറങ്ങു എന്ന ഗാനം താരാട്ടാണ്.
തുലാഭാരത്തില്‍ പ്രേംനസീറും ശാരദയുമാണ് നായികാ നായകന്മാര്‍.

ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോകുമ്പിള്‍ കണ്ണീര് – മണ്ണിനോരോ
കുമ്പിള്‍ കണ്ണീര്
എന്ന പാട്ട് യേശുദാസും സുശീലയും ചേര്‍ന്നു പാടുന്നതാണ്. ചരണത്തില്‍ വൃശ്ചികമാസത്തിന്‍ മാനത്തെ കുഞ്ഞിന് വേള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞിയാണെങ്കില്‍ കര്‍ക്കിടകത്തില്‍ കരിക്കാടിയാണ്. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ലാഞ്ഛന ഈ പാട്ടിലുണ്ട്. എങ്കിലും പൊന്നുഷസ് കണ്ടുണരാന്‍ എന്ന വരിയില്‍ പ്രത്യാശ നിഴലിക്കുന്നു.

സേതുമാധവന്‍ തന്നെ സംവിധാനം ചെയ്ത കുറ്റവാളി എന്ന ചിത്രത്തില്‍ ശാരദയും സത്യനുമാണ് നായികാനായകന്മാര്‍. ദക്ഷിണാമൂര്‍ത്തി ഈണം നല്കി പി.സുശീല പാടിയ
”പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തു നല്ല പൊന്‍വിളക്ക്” എന്ന പാട്ട് ശിശുവിന് പ്രകൃതി മനോഹാരിതകൂടി വെളിപ്പെടുത്തുവാന്‍ ഉതകുന്നതാണ്. തെറ്റ് എന്ന സിനിമയില്‍ സത്യനും ഷീലയുമാണ് പ്രധാന അഭിനേതാക്കള്‍. ദേവരാജന്‍ ഈണം നല്കി
”കുന്നുമ്പുറത്തൊരു മിന്നലാട്ടം
കുഞ്ഞുണരമ്മിണിക്കുഞ്ഞുണര്
കുന്നത്തെ തേവരോ അമ്പിളിമാമനോ
കുഞ്ഞിന്റച്ഛനോ ആരാരോ” എന്ന ഗാനം മാധുരി ഹൃദ്യമായി പാടിയിട്ടുണ്ട്.

ബ്രഹ്മചാരി എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തി ഈണം നല്കി യേശുദാസ്

‘ഇന്നലത്തെ വെണ്ണിലാവില്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്റെ മടിയില്‍നിന്നോ എന്നൊരു ഗാനം ആലപിക്കുന്നുണ്ട്. പ്രേംനസീറും ജയഭാരതിയും അഭിനയിച്ച പുനര്‍ജന്മം എന്ന സിനിമയില്‍ ലീല പാടിയ ഉണ്ണിക്കൈ വളര് എന്ന താരാട്ടിന് ഈണമിട്ടത് ജി. ദേവരാജനാണ്.

രാഗം എന്ന സിനിമയില്‍ ലക്ഷ്മിയും മോഹനുമാണ് നായികാനായകര്‍. സുശീല പാടുന്ന ” ഓമനത്തിങ്കള്‍ പക്ഷീ നീലത്താമരകുളത്തിലെ തിങ്കള്‍ പക്ഷീ പെറ്റൊരു പാതിരാമുത്തിനു പേരെന്ത്” എന്ന ഗാനം വളരെ മനോഹരമാണ്. സലില്‍ ചൗധരിയാണ് സംഗീതം. ഭാവനാ സമ്പന്നമായ വരികളില്‍ ഇളംതെന്നല്‍ ഉറങ്ങുന്നതും ഉറങ്ങാത്ത മിഴികളുമായി നിലാവ് ഉപവസിക്കുന്നതും ആയിരം പൗര്‍ണമികള്‍ ആയുസ്സില്‍ വിടരാന്‍ തളികയില്‍ കളഭവുമായി വന്നിരിക്കുന്നതും മറ്റും ഇതില്‍ കടന്നു വരുന്നു.

വയലാറിന്റെ എല്ലാ താരാട്ട് പാട്ടുകളും ഒന്നിനൊന്ന് മികച്ചതുതന്നെ. മാതൃശിശുഭാവങ്ങളിലൂടെ വാത്സല്യവും ആനന്ദവും താരാട്ടുകളില്‍ വന്നു നിറയുന്നു. പുതിയ തലമുറയിലും സിനിമയിലും താരാട്ടിന്റെ സന്നിവേശനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കുന്നില്ല. പ്രസക്തി കാലം തീരുമാനിക്കട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക