അഹമ്മദാബാദ്: വനിതാ ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡിനെതിരെ ഭാരതം ഇന്ന് രണ്ടാം അങ്കത്തിന്. ആദ്യമത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്നത്തെയും മത്സരം. 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഭാരതത്തിന് ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാകും. ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താനാണ് ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുക. ന്യൂസീലന്‍ഡിന് തിരിച്ചടിയായി അമേലിയ കെര്‍ ടീമില്‍ നിന്നും പരിക്കേറ്റ് പിന്‍മാറിയിട്ടുണ്ട്.
പരമ്പര പിടിക്കാനിറങ്ങുന്ന ഭാരതത്തിന് വെല്ലുവിളിയാകുന്നത് ബാറ്റിങ്ങ് ലൈനപ്പാണ്. ആദ്യ അങ്കത്തില്‍ 30, 40 റണ്‍സുകളെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചതല്ലാതെ ഇന്നിങ്‌സിന് അടിത്തറയിടുന്ന ബാറ്റിങ്ങോ മുന്നില്‍ നിന്ന് നയിക്കുന്നൊരു മിന്നും പ്രകടനമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നായിക സ്മൃതി മന്ദാനയുടെ നിരാശപ്പെടുത്തുന്ന ബാറ്റിങ്ങു ം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും അഞ്ച് റണ്‍സിനാണ് പുറത്തായത്. നായികാ ദൗത്യം കൂടി ഏല്‍ക്കേണ്ടി വന്നത് സ്മൃതിക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗറിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതിനാലാണ് സ്മൃതിക്ക് നായികയുടെ അധിക ചുമതല ലഭിച്ചത്.
അതേസമയം ഭാരതത്തിന്റെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ച് വരുന്നത്. ആദ്യ മത്സരത്തില്‍ സൈമ തക്കോറും രാധാ യാദവും മികച്ചു നിന്നു. ഭാരതം 59 റണ്‍സിന്
വിജയിച്ചെങ്കിലും ഇതിന് പിന്നില്‍ ഒരു വ്യക്തിഗത പ്രകടനമികവ് എടുത്തു പറയാനുണ്ടായില്ല. എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നാലാവുന്നത് ചെയ്തു. 41 റണ്‍സെടുക്കുകയും ഒരു കിവീസ് ബാറ്ററെ പുറത്താക്കുകയും ചെയ്ത ദീപ്തി ശര്‍മ്മ മാന്‍ ഓഫ് ദി മാച്ച് ആയി.
മത്സരത്തില്‍ ഭാരത ബാറ്റിങ്ങിനെതിരെ നാല് വിക്കറ്റ് പ്രകടനവുമായി വെല്ലുവിളിയുയര്‍ത്തിയത് ലെഗ് സ്പിന്നര്‍ അമീലിയ കെര്‍ ആണ്. പരിക്ക് കാരണം ഇന്നത്തെ രണ്ടാം മത്സരത്തില്‍ താരം കളിക്കാതിരിക്കുന്നത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. പരിക്ക് കാരണം താരം ടീമില്‍ നിന്നും പിന്‍മാറി നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാല് വിക്കറ്റ് നേട്ടത്തിനൊപ്പം ബാറ്റിങ്ങില്‍ 25 റണ്‍സെടുത്ത അമീലിയ പുറത്താകാതെ നില്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: