കോഴിക്കോട്: ജെ.ഡി.ടി സ്റ്റേറ്റ് അല്‍ റാങ്കിങ് ചാമ്പ്യന്‍ഷിപ്പില്‍ എക്സിറ്റോ ടേബിള്‍ ടെന്നീസ് അക്കാദമിയിലെ പ്രണതി പി നായരും പാലക്കാട് ചാംപ്സ് അക്കാദമിയിലെ മുഹമ്മദ് നാഫെല്‍ എയും അണ്ടര്‍ 19 യൂത്ത് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കിരീടം ചൂടി. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഞ്ചാമത് ജെ.ഡി.ടി സ്റ്റേറ്റ് അല്‍ റാങ്കിങ് ചാമ്പ്യന്‍ഷിപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.
പെണ്‍കുട്ടികളുടെ ഫൈനലില്‍ പ്രണതി ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിമല ഹൃദയ ടിടി അക്കാദമിയുടെ എഡ്വിന എഡ്വേര്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍, ആണ്‍കുട്ടികളില്‍ മുഹമ്മദ് നാഫെല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആലപ്പുഴ യുടിടി വൈഎംസിഎ ടിടി അക്കാദമിയിലെ മിലന് ബി നായരെ പരാജയപ്പെടുത്തി.
സെമിയില്‍ പ്രണതി ക്രൈസ്റ്റ് അക്കാദമിയുടെ ടിയ മുണ്ടന്‍ കുര്യനെ 3-2ന് തകര്‍ത്തപ്പോള്‍ എഡ്വിന 3-1ന് ടിഷ മുണ്ടന്‍ കുര്യനെ പരാജയപ്പെടുത്തി ഫൈനലിലെത്തി. ആണ്‍കുട്ടികളില്‍ സെമി മുഹമ്മദ് നാഫെല്‍ ആലപ്പുഴ വൈഎംസിഎയില്‍ നിന്നുള്ള ബ്ലെയ്സ് എ അലക്സിനെ (3-0) തോല്പിച്ചപ്പോള് മിലന് തിരുവനന്തപുരത്തെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററിലെ ദേവപ്രയാഗ സരിക ശ്രീജിത്തിനെ തോല്പിച്ചു(3-0).
പെണ് ഡബിള്‍സില്‍ കാനറ ബാങ്കിന്റെ മരിയ റോണിക്കൊപ്പം പ്രണതിയും മത്സരിച്ച ഫൈനലില്‍ മരിയ സിസിലി- എഡ്വിന എഡ്വേര്‍ഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കിരീടം നേടി. പുരുഷ ഡബിള്‍സ് കിരീടം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭരത് കൃഷ്ണ സ്വന്തമാക്കി. ആലപ്പുഴ എസ്ഡിവി ടിടി അക്കാദമിയിലെ അനിര്‍ അര്ത്താബിനൊപ്പം ജെയ്ക്ക് നഗല്‍ ജോണ്‍-മിലന് ബി നായര്‍ ജോഡിയെ പരാജയപ്പെടുത്തി (2-1).
സിനിമാ താരങ്ങളായ ജോജു ജോര്‍ജ്ജ്, ലാലു അലക്സ് എന്നിവര്‍ മൂഖ്യ അതിഥികളായി എത്തി സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: