ബെംഗളൂരു : വിജയപുര ടിക്കോട്ട ഹോൺവാഡ ഗ്രാമത്തിലെ 1,200 ഏക്കർ കൃഷി ഭൂമി തങ്ങളുടേതാണെന്ന് അവകാശം ഉന്നയിച്ച് വഖഫ് ബോർഡ് . നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ കർഷകർ ജില്ലാ അധികൃതർക്ക് പരാതി നൽകി. ഈ പ്രദേശത്തെ ഷാ അമിനുദ്ദീൻ ദർഗ എന്ന മതസ്ഥാപനമായി പ്രഖ്യാപിക്കാൻ ശ്രമിക്കുന്നതായും കർഷകർ പറയുന്നു . പഴയ സർക്കാർ രേഖകൾ ചൂണ്ടിക്കാട്ടി വഖഫ് ബോർഡിൻ്റേതാണ് ഭൂമിയെന്നാണ് തഹസിൽദാർ അയച്ച നോട്ടീസിൽ പറയുന്നത്.
വഖഫ് ഭൂമിയിലെ ‘കൈയേറ്റങ്ങൾ’ ചർച്ച ചെയ്യാൻ ഭവന, വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജമീർ അഹമ്മദ് ഖാൻ ഈ മാസം ആദ്യം വഖഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് കർണാടകയിലെ സർക്കാരിന്റെ ഒത്താശയോടെ വിവാദ നോട്ടീസുകൾ നൽകിയത്. ഉടമസ്ഥാവകാശ രേഖകൾ നൽകാൻ ആവശ്യപ്പെട്ട് 41 ഓളം കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഈ നോട്ടീസുകൾ പിൻവലിച്ചില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹോൻവാഡ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനീൽ ശങ്കരപ്പ തുഡിഗൽ പറഞ്ഞു.
തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടാൻ തയ്യാറാണെന്ന് കർഷകർ വ്യക്തമാക്കി.അതേസമയം ഒരു വസ്തുവിന്റെയും അവകാശം നിർണ്ണയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും , ഒരു വ്യക്തിയുടെയും സ്വകാര്യ സ്വത്ത് വഖഫിന് കൈമാറില്ലെന്നും ജില്ലാ കലക്ടർ ടി.ഭൂബാലൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: