കിളിമാനൂര്‍: ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് ചൂട്ടയില്‍. ഇവിടെയാണ് കിളിമാനൂര്‍ കൊട്ടാരം. രാജാരവിവര്‍മയ്ക്ക് കത്തുകള്‍ യഥാസമയം ലഭിക്കുന്നതിലേക്കായി ഇവിടെ പ്രത്യേകമായി തപാലാപ്പീസ് പോലും സ്ഥാപിച്ച ചരിത്രമുള്ള നാടാണ്. കിളിമാനൂര്‍ കൊട്ടാരത്തിന്റെ ആവിര്‍ഭാവം മുതല്‍ ഉള്ളതാണ് ഇന്ന് കാണുന്ന ചൂട്ടയില്‍ നീരാഴിക്കുളവും.
കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊട്ടാരം വാര്‍ഡില്‍ ഉള്‍പ്പെട്ട നീരാഴിക്കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളവും കുളത്തിലെ ശുദ്ധവും വൃത്തിയുമുള്ള വെള്ളവും മുന്‍കാലങ്ങളില്‍ നെല്‍കൃഷിക്കും കുളിക്കാനും അലക്കാനും ജനങ്ങള്‍ ഉപയോഗിക്കുമായിരുന്നു. കടുത്ത വേനലിലും വറ്റാത്ത ജലസംഭരണിയാണ് ഇപ്പോള്‍ പായല്‍ കയറിയും ഒരുവശം ഇടിഞ്ഞും നശിച്ച അവസ്ഥയിലായത്. നിലവില്‍ പൂര്‍ണമായി പായല്‍ നിറഞ്ഞ് കിടക്കുകയാണ്. മറ്റ് മാലിന്യങ്ങളും കുളത്തിലുണ്ട്. മാലിന്യങ്ങളും പായലും നീക്കം ചെയ്ത് കുളം സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ശക്തമായ ആവശ്യം ഉന്നയിക്കുകയാണ്.
വേനല്‍ക്കാലത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും കുളിക്കുന്നതിനും അലക്കുന്നതിനും ഈ കുളത്തെ ആശ്രയിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് കിളിമാനൂരിലെ ഒരു വ്യാപാരി ഈ കുളത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷവും കുളം വൃത്തിയാക്കിയിരുന്നില്ല. വരുന്ന വേനല്‍ക്കാലത്തിന് മുമ്പെങ്കിലും കുളം വൃത്തിയാക്കി സംരക്ഷിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: