പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും എന്‍ഡിഎ കോ- കണ്‍വീനറുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്കുന്ന ദീപാവലി സമ്മാനമാകും എന്‍ഡിഎയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിനെതിരെ മത്സരിക്കുന്നത് രണ്ടു കോണ്‍ഗ്രസുകാരാണ്. സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസുകാരനെ നിര്‍ത്തിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴാണ് തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിച്ചതെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. തൃശ്ശൂരിലുണ്ടായ രാഷ്ട്രീയ ധ്രുവീകരണം പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിലും പ്രതിഫലിക്കും.
ബിജെപിയെ തോല്പിക്കാന് പാലക്കാട്ട് വോട്ട് മറിച്ചെന്ന് എ.കെ. ബാലന് സമ്മതിച്ചു. 2019ല്‍ ശശിതരൂരിന് എല്‍ഡിഎഫ് വോട്ട് ലഭിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിരുന്നു. ഇവര്‍ തമ്മിലുള്ള ഡീല്‍ ജനങ്ങള്‍ക്ക് ബോധ്യമായി. കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ എല്ലാ ആഴ്ചയും ദല്‍ഹിയില്‍ ഒരുമിച്ചിരിക്കാറുണ്ടെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ വയനാടിന് നല്കിയ തുക ഖജനാവിലുണ്ട്. പക്ഷേ ഇതുവരെയും പുനരധിവാസ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതിന് പകരം വഖഫ് നിയമത്തില്‍ സംയുക്തപ്രമേയം പാസാക്കാനാണ് മുന്‍കൈയെടുത്തത്. അധികാരവും ധിക്കാരവും സിപിഎം നേതാക്കളെ ദിവ്യന്മാരും ദിവ്യകളുമാക്കി മാറ്റി. ഇത്തരം ദിവ്യമാര് മനുഷ്യരെ കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എന്‍. അനുരാഗ്, അഡ്വ. സംഗീത വിശ്വനാഥന്, എന്‍കെസി ചെയര്മാന് കുരുവിള മാത്യൂസ്, ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, ശിവസേന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണ മേനോന്, കെകെസി ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാളിയത്ത്, എം.എല്‍. അലി, എസ്ജെഡി പ്രസിഡന്റ് വി.വി. രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി ബി.ടി. രമ, എല്‍ജെപി(ആര്) പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി ജേക്കബ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: