ന്യൂദല്‍ഹി: വാളയാര്‍ പീഡനകേസിലെ ഇരകളായ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എം.ജെ. സോജനെതിരെ കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. സോജന് എതിരായ കേസ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണിത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും എം.ജെ. സോജന് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്കും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
സോജന് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്ന് കുട്ടികളുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകനോട് സോജന് സംസാരിച്ച സാഹചര്യം ഏതെന്നത് പ്രസക്തമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനോടാണ് സംസാരിക്കുന്നത് എന്ന ബോധ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെങ്കില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പോലും പിരിച്ചുവിടാം. ഇത് സംപ്രേഷണം ചെയ്തത് കുറ്റകരമാണ്. ഉദ്യോഗസ്ഥന്റെ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ പങ്കുവച്ച മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനത്തിനും എതിരെ എന്തുകൊണ്ടാണ് ഇതുവരെ പ്രോസിക്യൂഷന് നടപടി ആരംഭിക്കാത്തത് എന്നും സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യം തന്റെ കക്ഷിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു.
സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ട് പാലക്കാട് പോക്സോ പ്രത്യേക കോടതി എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: