റാഞ്ചി : ജാർഖണ്ഡിലെ മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ വെള്ളിയാഴ്ച ബിജെപി സ്ഥാനാർത്ഥിയായി സറൈകെല്ലയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായിട്ടാണ് അദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയത്.
ജാർഖണ്ഡിൽ കോൺഗ്രസിനും സഖ്യത്തിനും നിലനിൽപ്പില്ല.അവർ തെരഞ്ഞെടുപ്പിൽ എവിടെയും നിൽക്കുന്നില്ലെന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൂടാതെ ജാർഖണ്ഡിൽ മാത്രമല്ല രാജ്യത്തുടനീളം ബിജെപി തരംഗമുണ്ട്. ഈ തരംഗത്തെ ആർക്കും തടയാനാവില്ല. ജാർഖണ്ഡിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് നിലനിൽപ്പില്ലെന്നും ചമ്പായി സോറൻ പറഞ്ഞു.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കഴിഞ്ഞ ശനിയാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുമായി സഹകരിച്ചാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
ബിജെപി 68 സീറ്റിലും എജെഎസ്‌യു 10 സീറ്റിലും ജെഡിയു രണ്ട് സീറ്റിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും. ജാർഖണ്ഡ് നിയമസഭയിലെ 81 സീറ്റുകളിലേക്കാണ് നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: