ന്യൂദൽഹി : മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യം ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ഷൈന എൻസി. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അവർ.
തങ്ങളുടെ സഖ്യത്തെ ശക്തിപ്പെടുത്താൻ മഹായുതിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. 288 അസംബ്ലി സീറ്റുകളിൽ 278 എണ്ണം പ്രഖ്യാപിച്ചു കഴിഞ്ഞു. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ അജിത് പവാറിന്റെ എൻസിപി 38 സ്ഥാനാർത്ഥികളെയും ബിജെപി 99 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചുവെന്നും അവർ പറഞ്ഞു.
കൂടാതെ മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ താൽപ്പര്യാർത്ഥം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത്. എന്നാൽ മറുവശത്ത് മഹാ വിനാശ് അഘാഡി സഖ്യത്തിന് ഇപ്പോഴും തമ്മിലടി മാത്രമാണ് ഉള്ളതെന്നും അവർ പരിഹസിച്ചു. ഇൻഡി സഖ്യ നേതാക്കൾ തങ്ങളുടെ സഖ്യത്തിനുള്ളിൽ പരസ്പരം വിരൽ ചൂണ്ടുന്നതിന്റെ തിരക്കിലാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. കോൺഗ്രസ് അനാഥമായിപ്പോയ അവസ്ഥയിലാണെന്നും ഷൈന പറഞ്ഞു.
അതേ സമയം മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യ നേതാക്കളും തമ്മിൽ വ്യാഴാഴ്ച ദൽഹിയിൽ നിർണായക യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, ചന്ദ്രശേഖർ ബവൻകുലെ, പ്രഫുൽ പട്ടേൽ, സുനിൽ തത്‌കരെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: