തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതിക്കാരിയാണെന്നും വിവാദമായ പെട്രോള്‍ പമ്പ്, ബിനാമി ഇടപാടാണെന്നും പരാതിയുണ്ടാക്കിയത് മരണ ശേഷമാണെന്നും നവീന്‍ ബാബുവിന്റെ കുടുംബം ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പറഞ്ഞു.
പെട്രോള്‍ പമ്പില്‍ ദിവ്യയുടെ സാമ്പത്തിക താത്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പി.പി. ദിവ്യയും പ്രശാന്തും ചേര്‍ന്ന കൂട്ടുകെട്ടുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷകന് ജോണ്‍ എസ്. റാല്‍ഫ് വാദിച്ചു. പ്രശാന്തിന്റെ പരാതികളിലെ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദര്‍ശനത്തിനു നിര്‍ദേശിക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയ്ക്ക് അധികാരമില്ല. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ വരുന്നതല്ല. ഇതെങ്കിലും നടക്കുമോയെന്നാണ് പെട്രോള്‍ പമ്പിന് എന്‍ഒസി നല്കുന്ന കാര്യത്തില്‍ ദിവ്യ ചോദിച്ചത്.
നിയമ വിരുദ്ധമായി അനുമതിയേകാത്തതാണ് എഡിഎമ്മിനോടുള്ള വൈരാഗ്യ കാരണം. ഉപഹാരം നല്കുമ്പോള് അവര്‍ എഴുന്നേറ്റു പോയത് അപമാനിക്കാനാണ്. പൊതുമധ്യത്തില്‍ അപമാനിച്ചു.
ഗുരുതര കുറ്റമാണ് ദിവ്യ ചെയ്തത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ മുന്നില്‍ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീന്‍ ബാബുവിന്റെ അന്ത്യകര്‍മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടത്. മരണ ഭയത്തെക്കാള്‍ അഭിമാനമാണ് വലുത്. ദിവ്യ എഡിഎമ്മിനു താങ്ങാനാകാത്ത പ്രയാസമുണ്ടാക്കി.
പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി തയാറാക്കിയത് നവീന്‍ ബാബു മരിച്ച ശേഷമാണ്. കത്തില്‍ പറയുന്നത് ‘ചുമതലയിലുള്ള’ എന്നല്ല, ‘ചുമതല വഹിച്ച’ എഡിഎം എന്നാണ്. പേരിലും ഒപ്പിലും വൈരുധ്യമുണ്ട്. കത്ത് വ്യാജമാണ്. കുടുംബം കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: