തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വിധി പറയും.
ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ദിവ്യ വ്യക്തിഹത്യ നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമങ്ങളെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
ജീവനൊടുക്കിയത് ഭരണത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. യാത്രയയപ്പു യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു. രണ്ടു ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ചുവരുത്തിയ ദിവ്യ തന്റെ പ്രസംഗം റിക്കാര്‍ഡ് ചെയ്യിച്ചു.
ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങി. അവര്‍ തന്നെയാണ് എല്ലാം പ്രചരിപ്പിച്ചത്. സ്റ്റാഫ് കൗണ്‍സില്‍ പരിപാടിയില്‍ ദിവ്യ പങ്കെടുക്കേണ്ടതില്ല. കളക്ടറോട് എഡിഎമ്മിനെക്കുറിച്ച് ദിവ്യ പരാതിപ്പെട്ടിരുന്നു. അഴിമതിയാരോപണം പൊതുവേദിയില്‍ ഉന്നയിക്കരുതെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. ദിവ്യയ്ക്കു പരാതി നല്‍കാമായിരുന്നു.
ദിവ്യ പറഞ്ഞ ഗംഗാധരന്റെ പരാതിയില്‍ അഴിമതിയാരോപണമില്ല. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അവര്‍ അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍ കോടതിയെ അറിയിച്ചു.
അതേസമയം ദിവ്യ കോടതിയിലും നവീന്‍ ബാബുവിനെ കുറ്റക്കാരനാക്കി. നിരപരാധിയെങ്കില്‍ നവീന്‍ ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന് അഡ്വ. കെ. വിശ്വന് ചോദിച്ചു. എഡിഎം തെറ്റുകാരനല്ലെങ്കില്‍, വിശുദ്ധനാണെങ്കില്‍ എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല. ചടങ്ങില്‍ വീഡിയോഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്. പൊതുചടങ്ങായിരുന്നു. അതിലേക്ക് ആരെയും ക്ഷണിക്കേണ്ടതില്ല. കളക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിനെത്തിയത്. അതിക്രമിച്ചു കടന്നുചെന്നതല്ല.
അഴിമതിക്കെതിരായ സന്ദേശമാകുമെന്ന് കരുതിയാണ് യാത്രയയപ്പു യോഗത്തില്‍ ദിവ്യ സംസാരിച്ചത്. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്കു വരില്ലേയെന്ന് കളക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ആണ്. എഡിഎമ്മിനെതിരേ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോഗത്തില്‍ സംസാരിച്ചത്. ആത്മഹത്യയിലേക്കു തള്ളിവിടാന്‍ ഉദ്ദേശിച്ചില്ല. പ്രശാന്തിന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചു. വല്ലതും നടക്കുമോയെന്ന് ചോദിച്ചു. പ്രയാസമാണെന്നു മറുപടി ലഭിച്ചു. എന്‍ഒസി വേഗത്തിലാക്കാന്‍ താന്‍ ആവശ്യപ്പെട്ടു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയതറിഞ്ഞത്. നന്നാകാനുള്ള ഉപദേശം എങ്ങനെ ഭീഷണിയാകും, അഭിഭാഷകന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: