Kerala

കേന്ദ്ര ക്ഷാമബത്ത കൃത്യസമയത്ത്; കേരളത്തില്‍ എല്ലാം കുടിശിക, ലീവ് സറണ്ടര്‍ ഇല്ലാതായിട്ട് നാലു വര്‍ഷം

Published by

കണിശതയുള്ള മോദി സര്‍ക്കാര്‍

ക്ഷാമബത്തയും ക്ഷാമാശ്വാസവും (പെന്‍ഷന്‍കാര്‍ക്കുള്ള തുക) കേന്ദ്രം ഒരു ഗഡു പോലും കുടിശികയാക്കിയിട്ടില്ല. വര്‍ഷം രണ്ടു തവണയാണ് കേന്ദ്രം ഇവ വര്‍ധിപ്പിക്കുന്നത്, ജനുവരിയിലും ജൂലൈയിലും. ഈ മാസം 16നാണ് ഒരു ഗഡു കൂടി അനുവദിച്ചത്. അത് ഈ വര്‍ഷം ജൂലൈ ഒന്ന് മുതലുള്ള പ്രാബല്യത്തോടെ നല്കുകയും ചെയ്തു. ഇതോടെ കേന്ദ്രം നല്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും(ഡിഎയും ഡിആറും) 53 ശതമാനമായി. ഒരു കോടിയിലേറെ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഒക്‌ടോബറിലെ ശമ്പളം മുതല്‍ പുതുക്കിയ നിരക്കിലാണ് ലഭിക്കുക. ഒപ്പം മൂന്ന് മാസത്തെ (ജൂലൈ, ആഗസ്ത്, സപ്തംബര്‍) കുടിശികയും. 46,200 രൂപ അടിസ്ഥാന ശമ്പളമുള്ളയാള്‍ക്ക് ഇനി ഡിഎയായി ലഭിക്കുന്നത് 24,486 രൂപയാണ്. ജീവനക്കാരുടെ മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും കൃത്യമായി നല്കുന്നുമുണ്ട്.

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നല്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യത കാണിക്കുമ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ക്ഷാമബത്ത നല്കുന്നതില്‍ പോലും ഗുരുതര വീഴ്ച വരുത്തുന്നു. സാമ്പത്തികപ്രതിസന്ധിയെയാണ് ഇതിന് പഴിചാരുന്നത്. എന്നാല്‍ കൃത്യസമയത്ത് നല്കിയിരുന്നുവെങ്കില്‍ ഇത്രയേറെ കുടിശിക വരില്ലായിരുന്നുവെന്നും കാര്യങ്ങള്‍ സുഗമമാകുമായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും ഒരു കുടിശിക ഗഡുവാണ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അനുവദിച്ചത്. ഇത് മൂന്ന് ശതമാനമാണ്. 2021 ജൂലൈ ഒന്ന് മുതല്‍ നല്‌കേണ്ടതാണ്, 40 മാസത്തിന് ശേഷം നല്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ 40 മാസത്തെ കുടിശികയെപ്പറ്റി മന്ത്രി ഒന്നും പറയുന്നില്ല. പത്രക്കുറിപ്പിലും ഇക്കാര്യമില്ല. ഈ പണം ലഭിക്കില്ലെന്നതിന്റെ സൂചനയാണിതെന്ന് ശമ്പളക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വിദഗ്ധരായ ജീവനക്കാര്‍ പറയുന്നു. അതായത് 4,500 രൂപ മുതല്‍ 32,000 രൂപവരെയാണ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നഷ്ടപ്പെടുന്നത്.

കുറച്ചുനാള്‍ മുന്‍പ് ഒരു ഗഡു നല്കിയതിന്റെ 30 മാസത്തെ കുടിശികയുണ്ട്. അതും നല്കിയിട്ടില്ല. അതായത് മൊത്തം 70 മാസത്തെ ക്ഷാമബത്ത ലഭിക്കില്ല. ജീവനക്കാര്‍ക്ക് 19 ശതമാനം ക്ഷാമബത്ത അതായത് ആറു ഗഡു, കുടിശികയാണ്. 22 ശതമാനം കുടിശികയാണ് (ഏഴ് ഗഡു) ഇതുവരെ ഉണ്ടായിരുന്നത്. അതില്‍ മൂന്ന് ശതമാനമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

ആര്‍ജിതാവധി സര്‍ക്കാരിന് വിറ്റ് കാശാക്കാന്‍ കഴിയുന്ന, ലീവ് സറണ്ടര്‍ തടഞ്ഞിട്ട് നാലു വര്‍ഷമായി. എല്ലാവര്‍ഷവും ആര്‍ജിതാവധി സറണ്ടര്‍ ചെയ്താണ് പല ജീവനക്കാരും ആവശ്യത്തിന് ഒന്നിച്ചുള്ള പണം കണ്ടെത്തിയിരുന്നത്. അതും നഷ്ടപ്പെട്ടു. ക്ഷാമബത്ത കുടിശികയും ഇല്ലാതായി. ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക