തിരുവനന്തപുരം: ആദ്യകാല ജനസംഘം, ബിജെപി നേതാവ് വഞ്ചിയൂര്‍ അന്തിയാര്‍മഠം ലൈനില്‍ ബി4ല്‍(1) അഡ്വ. പൂന്തുറ സോമന്‍ (70) അന്തരിച്ചു. പൂന്തുറ വലിയ പഴവാര്‍ വീട്ടില്‍ പരേതരായ ഗംഗാധരന്റേയും ഭവാനിയുടേയും മകനാണ്. ഭാര്യ: ഹെലന്‍ സോമന്‍, മക്കള്‍: അദൈ്വത് പി. സോമന്‍, അഡ്വ ഭഗവത് പി. സോമന്‍.
സെക്രേട്ടറിയറ്റ് അസിസ്റ്റന്റ് ആയി 15 വര്‍ഷം ജോലി നോക്കിയ ശേഷം സ്വയം വിരമിച്ച് അഭിഭാഷകവൃത്തിയില്‍ 30 വര്‍ഷം സേവനമനുഷ്ഠിച്ചു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തുവന്ന പൂന്തുറ സോമന്‍ ജനസംഘത്തിലും പിന്നീട് യുവമോര്‍ച്ചയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബിജെപി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച 1982 ല്‍ നേമം നിയോജക മണ്ഡലത്തില്‍ നിന്നും കെ. കരുണാകരനെതിരെ മത്സരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു.
ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സ്ഥാപക സെക്രട്ടറി ജനറല്‍, കേരള കളരിപ്പയറ്റ് അസോസിയേഷന്റെ സെക്രട്ടറി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്ട് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഖില കേരള ധീവരസഭ നേതാവായും, പൂന്തുറ ശാസ്താ ക്ഷേത്രം പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
കളരിപ്പയറ്റുമായി ബന്ധപ്പെട്ട് അമേരിക്ക, ലണ്ടന്‍, ജപ്പാന്‍, കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി. 20 സംസ്ഥാനങ്ങളില്‍ കളരിപ്പയറ്റ് അസോസിയേഷനുകള്‍ക്ക് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം നല്കി. നാഷണല്‍ ഗെയിംസിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ഇദ്ദേഹത്തിന്റെ പരിശ്രമഫലമായി കളരിപ്പയറ്റിനെ മത്സര ഇനമായി ഉള്‍പ്പെടുത്തി.
കളരിപ്പയറ്റില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫെലോഷിപ്പും, ചരിത്രത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദവും നേടി. കളരിപ്പയറ്റ്, അത്ഭുതാവഹമായ ഒരു ആയോധനകല എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി. ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റുമാരായ പാപ്പനംകോട് സജി, ആര്‍.സി. ബീന, സംസ്ഥാന സമിതി അംഗം പൂന്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സഞ്ചയനം: തിങ്കള്‍ രാവിലെ 9ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: