ഇത്ര കാലവും നാട്ടുകര്‍ സംശയിച്ചതും പറഞ്ഞു നടന്നതും സത്യം തന്നെയെന്ന് സിപിഎം തലകുലുക്കി സമ്മതിച്ചിരിക്കുന്നു. തല കുലുക്കിയതും സമ്മതിച്ചതും എ.കെ. ബാലന്‍ സഖാവാണെങ്കിലും അത് സിപിഎം നിലപാട് തന്നെയെന്ന് ഉറപ്പിക്കാം. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണല്ലോ സഖാവ്. പോരാഞ്ഞ് മുന്‍മന്ത്രിയും. പറഞ്ഞത് നാക്കുപിഴയാകാന്‍ വഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കി എന്നാണ് പാര്‍ട്ടിയും ബാലനും സമ്മതിച്ചിരിക്കുന്നത്. 51 ശതമാനം വോട്ട് തങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ബിജെപിയെ തോല്‍പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നും സഖാവ് പറയാതെ പറഞ്ഞു വച്ചിട്ടുണ്ട്. ഭരണം കിട്ടിയതുമുതല്‍, കേരളം മുഴുവന്‍ തങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി, സമ്മതിദായകരില്‍ പകുതിപോലും ഒപ്പമില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വയം എത്തിയിരിക്കുന്നു. തങ്ങളുടെ വോട്ടുകൊണ്ടു മാത്രം ജയിക്കാനാവില്ലെന്നും സഖാവ് സമ്മതിക്കുന്നു. അതിനര്‍ത്ഥം പാര്‍ട്ടിക്കാരോ സ്വന്തം മുന്നണിയില്‍പ്പെട്ടവരോ അല്ലാത്തവരുടേയും വോട്ടുകൊണ്ടാണ് തങ്ങള്‍ ജയിച്ചതെന്നും അധികാരത്തില്‍ ഇരിക്കുന്നതെന്നുമാണ്. പാര്‍ട്ടി സംവിധാനത്തിനപ്പുറവും ചിലരൊക്കെ നാട്ടിലുണ്ടെന്ന് സിപിഎം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നല്ല കാര്യം.
യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകുന്നതിനെ അംഗീകരിക്കണം. പക്ഷേ, ഇതുവരെ കാണിച്ചുപോന്ന ധാര്‍ഷ്ട്യത്തെ അംഗീകരിക്കാന്‍ പൊതുജനം തയാറായെന്നു വരില്ല. പാര്‍ട്ടി തന്നെയാണു ജനമെന്നും പാര്‍ട്ടി തീരുമാനം മാത്രമാണ് ജനത്തിന്റെ താത്പര്യമെന്നും അഥവ അങ്ങനെയേ പാടുള്ളു എന്നും ഉള്ള നിലപാടില്‍ കാണിച്ചുകൂട്ടിയതിനൊക്കെ എന്തു ന്യായീകരണമാണ് സഖാക്കള്‍ക്കു പറയാനുണ്ടാവുക? ഇക്കാര്യം വോട്ടവകാശത്തിലൂടെ സമൂഹം ചോദിക്കുന്ന കാലം അത്ര വിദൂരമല്ല. അതും പതുക്കെ ബോധ്യമായിത്തുടങ്ങിയതിന്റെ സുചനയായിരിക്കണം പുതിയ നിലപാടിന് പിന്നില്‍. ഇരുമുന്നണികളും യോജിച്ചാലും ബിജെപിയെ വീഴ്‌ത്താനാവില്ലെന്ന കെ. സുരേന്ദ്രന്റെ വാക്കുകള്‍ സിപിഎമ്മിനുള്ള ചുട്ട മറുപടിയായി. സിപിഎമ്മിന് എത്താന്‍ കഴിയാത്ത 51 ശതമാനത്തിലേക്ക് ഞങ്ങള്‍ എത്തും എന്ന മുന്നറിയിപ്പ് അതിലുണ്ട്. അതു ജനമനസ്സിന്റെ മുന്നറിയിപ്പാണ്. അതിനു നേരെ ചെവി പൊത്തിയിട്ടു കാര്യമില്ല.
മുന്നണി സംവിധാനങ്ങളോട് മിക്കവാറും ഒറ്റയ്‌ക്കു പൊരുതി പലതവണ രണ്ടാം സ്ഥാനത്തും നിയമസഭയിലേക്കും ലോക്സഭയിലേയ്‌ക്കും ഓരോ തവണ ഒന്നാമതും വന്നിട്ടും ബിജെപിയെ, ജനം തിരസ്‌കരിച്ച പാര്‍ട്ടി എന്ന് തുടരെ പരിഹസിച്ചവരാണ് ഇവിടത്തെ ഇടതു വലതു മുന്നണികള്‍. പ്രത്യേകിച്ച് സിപിഎം. അവരാണിപ്പോള്‍ ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ ബിജെപിയെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നത്. അതുകൊണ്ടു വോട്ടുമറിക്കും. വേണ്ടിവന്നാല്‍ വോട്ടു വാങ്ങുകയും ചെയ്യും എന്ന് അര്‍ത്ഥം. പറഞ്ഞതു പാലക്കാടിന്റെ മാത്രം കാര്യമാണെങ്കിലും മറ്റ് പല മണ്ഡലങ്ങളിലേയും കഥ ഇതൊക്കെത്തന്നെയെന്ന് വോട്ടര്‍മാര്‍ നേരത്തേ തിരിച്ചറിഞ്ഞതാണ്. അതിനെതിരെ മുന്നണികള്‍ നടത്തുന്ന ഈ വോട്ടുകച്ചവടത്തെയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം എന്നു പറയുന്നത്. ആ കളി വോട്ടുപെട്ടികളില്‍ രഹസ്യമായും നിയമസഭയില്‍ പരസ്യമായും പലയാവര്‍ത്തി കേരളം കണ്ടുകഴിഞ്ഞു. അതിനൊപ്പം പരസ്പരം പോരടിക്കുന്ന ചില പൊറാട്ടു നാടകങ്ങളും. തങ്ങള്‍ക്കിഷ്ടമുള്ള വിഭാഗങ്ങളുടെ താത്പര്യങ്ങളെ മാത്രം താലോലിക്കുകയും മറ്റു ചിലരെ പുറംകാലിനു തട്ടുകയും ചെയ്യുന്ന ശൈലി പാര്‍ട്ടിക്കു നിലനില്‍പിന്റെ പ്രശ്നമായിരിക്കാം. പക്ഷെ, സര്‍ക്കാരിന് അതു പറ്റില്ലല്ലോ. അവിടെയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയക്കാര്‍ക്കു ദഹിക്കാത്ത സമഭാവന എന്ന ചിന്ത കടന്നുവരുന്നത്. അതിന്റെ അടിത്തറ വിവേചനരഹിതമായ ഭരണമാണ്. വോട്ടുബാങ്ക് രാഷ്‌ട്രീയം അതിനു പകരമാവില്ല. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം സമ്മതിദായകര്‍ തിരിച്ചറിയുന്നതിന്റെ സൂചനയാണ് ഇന്ന് മുന്നണികളെ അലട്ടുന്നത്. അതിന്റ ഭാഗമാണ് ഇന്നു കേള്‍ക്കുന്ന പുലമ്പലുകള്‍. നാഴികയ്‌ക്കു നാല്‍പതുവട്ടം സിപിഎം പറയുന്ന ഇതു കേരളമാണ് എന്ന രണ്ടു വാക്കുകള്‍ പൊതുജനം അവരോടു തിരിച്ചു പറയുന്ന കാലം വിദൂരമല്ല. കാരണം, കേരളം എന്നും ഒരേ സംസ്‌കാരത്തോടെ ഒരുമിച്ചു ജീവിച്ചവരുടെ നാടാണ്. ഭിന്നിപ്പിച്ചു മുതലെടുക്കാന്‍ ശ്രമിച്ചവരുടെ പരാജയത്തിന്റെയും നിസ്സഹായതയുടേയും പുലമ്പലുകളാണ് സഖാവിന്റെ വാക്കുകളില്‍ നിറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: