ന്യൂദല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വിശദവിവരങ്ങള്‍ പുറത്തുവരുന്നതുവരെ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാം മോഹന്‍ നായിഡു പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. ആകാശം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലുള്‍പ്പെടെ 95 വിമാനങ്ങള്‍ക്കാണ് ഇന്നലെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാശയുടെ 25 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതവും സ്പൈസ്ജെറ്റ്, അലയന്‍സ് എയര്‍ എന്നിവയുടെ അഞ്ച് വീതവും വിമാനങ്ങള്‍ക്കാണ് ഇന്നലെ മാത്രം ഭീഷണി സന്ദേശം ലഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ 250 വിമാനങ്ങള്‍ക്ക് വ്യാജഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു.
ഭീഷണിയെത്തുടര്‍ന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇന്നലെ അടിയന്തരമായി മുംബൈയില്‍ ഇറക്കി. ദുബായ്യില് നിന്നുള്ള വിമാനം വൈകിട്ട് ആറിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ആകാശ എയര്‍ എന്നിവയുടെ ഓരോ വിമാനങ്ങള്‍ക്കും കൊച്ചിയില്‍ ഭീഷണിയുണ്ടായി. നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെട്ടതിനുശേഷം മാത്രമാണ് എക്സിലൂടെയുള്ള ഭീഷണി സന്ദേശം ലഭിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയാണ് കൂടുതല്‍ ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നത്. മിക്ക വിമാനങ്ങളും പുറപ്പെട്ടശേഷം മാത്രമാണ് ഭീഷണികള്‍ ലഭിക്കുക. ഏറ്റവും അടുത്ത വിമാനത്താവളത്തില്‍ ഇറക്കി പരിശോധനകള്‍ നടത്തിയശേഷമാണ് വീണ്ടും യാത്ര ആരംഭിക്കുന്നത്. പരിശോധന പൂര്‍ത്തിയായി ഒന്നും ഇല്ലെന്ന് ഉറപ്പിക്കുന്നതുവരെ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും വിവിധ വിഭാഗങ്ങളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരും മണിക്കൂറുകളോളം മുള്‍മുനയിലാവുകയാണ്.ഭീഷണികള്‍ക്ക് പിന്നില്‍ സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരുടെ സംഘമാണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. ഭീഷണി സന്ദേശങ്ങള്‍ അയച്ച കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസുകള്‍ പലതും കൃത്യമായി കണ്ടെത്താന്‍ ആയിട്ടില്ല.
ചിലതെല്ലാം വിദേശരാജ്യങ്ങളിലാണെന്നാണ് കാണിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് ഐപി അഡ്രസുകള്‍ തെറ്റായി കാണിക്കുകയാണെന്നാണ് നിഗമനം. യഥാര്‍ത്ഥ ഐപി അഡ്രസ് കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്കാന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി സന്ദേശം അയയ്ക്കുന്നവരെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കാന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: