കോട്ടയം: ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കുഴിച്ച റോഡുകളില്‍ അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നവയുടെ കാര്യത്തില്‍ മൂന്നുമാസത്തിനകം പണികള്‍ പൂര്‍ത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കണമെന്നു ജില്ലാ ജല ശുചിത്വമിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍. ജില്ലാ ജല ശുചിത്വമിഷന്‍ യോഗത്തിലാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. ജലജീവന്‍ പദ്ധതിയ്‌ക്കായി പൊളിച്ച റോഡുകള്‍ പുന: സ്ഥാപിക്കുന്നതില്‍ പഴയ കേസുകള്‍ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ജല അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മൂന്നുമാസത്തിനുള്ളില്‍ റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പില്‍ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി ജില്ലാ ജല ശുചിത്വമിഷന്‍(ഡി.ഡബ്ല്യൂ.എസ്.എം.) കമ്മിറ്റിയില്‍ പൊതുമരാമത്ത്് വകുപ്പ് റോഡ്സ് ആന്‍ഡ് മെയിന്റനന്‍സ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉള്‍പ്പെടുത്തുന്നതിനു യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: