ന്യൂഡൽഹി: പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോള് ബോർഡായ ബിസിസിഐയും തമ്മിലുള്ള സ്പോണ്‍സർഷിപ്പ് ഒത്തുതീർപ്പ് സുപ്രീം കോടതി റദ്ദാക്കി.
ബി.സി.സി.ഐക്ക് നൽകേണ്ട കുടിശ്ശിക ഒത്തുതീർക്കാൻ 158.9 കോടി രൂപ നൽകിയതും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. തുക ക്രെഡിറ്റേഴ്സ് കമ്മിറ്റിക്ക് കൈമാറണം.
ബൈജൂസിന് സാമ്പത്തിക ബാധ്യതയുള്ള അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിക്ക് ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ നടപടികളിൽ ഇടപെടാൻ അധികാരമുണ്ടെന്നും പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ട്രൈബ്യൂണൽ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
‘കോർപറേറ്റ് പാപ്പരത്ത തീരുമാന പ്രക്രിയയിലെ കക്ഷികൾ സമർപ്പിച്ച പിന്മാറ്റ അപേക്ഷക്കുമേൽ മുദ്ര പതിപ്പിക്കുന്ന പോസ്റ്റ് ഓഫിസ് മാത്രമായി ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിനെ കണക്കാക്കാനാവില്ല’- ബെഞ്ച് വ്യക്തമാക്കി.
സ്പോൺസർഷിപ് കുടിശ്ശിക നൽകുന്നതിൽ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാർ അംഗീകരിച്ചാണ് ട്രൈബ്യൂണൽ നേരത്തേ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ചത്.
എന്നാൽ, ഇതിനെതിരെ ബൈജൂസിന് വായ്പ നൽകിയ യു.എസ് ധനകാര്യസ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്പോൺസർഷിപ് തുകയിൽ 158 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാട്ടിയാണ് നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബി.സി.സി.ഐ ബെംഗളൂരുവിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്.
ബി.സി.സി.ഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ ബൈജൂസിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിടുകയും ചെയ്തു.
ഇതിന് പിന്നാലെ ബി.സി.സി.ഐയുമായി ബൈജൂസ് ഒത്തുതീർപ്പ് കരാറുണ്ടാക്കി. ബി.സി.സി.ഐ കുടിശ്ശിക വീട്ടാമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് കമ്പനി ട്രൈബ്യൂണൽ വിധിക്കുകയായിരുന്നു. ബി.സി.സി.ഐക്ക് 158 കോടി രൂപ ബൈജൂസ് കൈമാറുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു.
മറ്റ് കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്കാനുള്ളപ്പോള് ബൈജൂസ് ബി.സി.സി.ഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്റെ കാരണം നേരത്തേ ഹരജി പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: